World

ഉത്തര കൊറിയ ഉടമ്പടി പാലിച്ചാല്‍ ട്രംപ്-കിം ചര്‍ച്ച: വൈറ്റ് ഹൗസ്‌

വാഷിങ്ടണ്‍: ഉത്തര കൊറിയ-അമേരിക്ക ബന്ധത്തില്‍ നിലപാട് കടുപ്പിച്ച് വൈറ്റ്ഹൗസ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള സമാഗമത്തിന് ഉത്തര കൊറിയ അണ്വായുധ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യുഎന്‍ ഉടമ്പടി പാലിക്കണമെന്നുമാണ് വൈറ്റ് ഹൗസ് പറയുന്നത്.
കഴിഞ്ഞവാരം ദക്ഷിണ കൊറിയന്‍ ദേശീയ സെക്യൂരിറ്റി ഉപദേഷ്ടാവ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയും കിമ്മിന്റെ ക്ഷണം ട്രംപിനെ അറിയിച്ചതും വന്‍ ചര്‍ച്ചയായിരുന്നു. ഈയൊരു ഘട്ടത്തിലാണ് സമാഗമത്തിന് ഉത്തര കൊറിയയുടെ ആക്രമണ, ഭീഷണിസ്വരങ്ങള്‍ പാടെ ഉപേക്ഷിക്കാനുള്ള വൈറ്റ് ഹൗസിന്റെ ഉപദേശം. എന്നാല്‍, ട്രംപ് തന്റെ ക്ഷണം സ്വീകരിച്ചതു മുതല്‍ പുതിയ മിസൈല്‍ പരീക്ഷണങ്ങള്‍ക്കൊന്നും ഉന്‍ മുതിര്‍ന്നിട്ടില്ലെന്നതും പ്രതീക്ഷയുയര്‍ത്തുന്നതാണ്.
ഇരു രാഷ്ട്രങ്ങള്‍ക്കിടയിലും മഞ്ഞുരുക്കസാധ്യത നിലനില്‍ക്കുമ്പോഴാണ് വൈറ്റ് ഹൗസിന്റെ നിലപാട് കടുപ്പിക്കല്‍. ട്രംപും കിമ്മും തമ്മിലുള്ള സമാഗമം നടക്കുമെന്നു തന്നെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ക്ഷണം തങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, ഉടമ്പടികള്‍ ഉത്തര കൊറിയ പാലിക്കുമെങ്കില്‍ മാത്രമേ ലോകം അത്തരമൊരു അവസരത്തിന് കാത്തിരിക്കേണ്ടതുള്ളൂവെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു.
Next Story

RELATED STORIES

Share it