Editorial

ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ്

പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിന്റെ നീറ്റലില്‍ ഇന്ത്യ വിറങ്ങലിച്ചുനില്‍ക്കുമ്പോഴാണ് ഉത്തര കൊറിയയില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ഭൂകമ്പമുണ്ടായത്. അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഭയപ്പെടുത്തിനിര്‍ത്താനുള്ള ഉത്തര കൊറിയയുടെ മറ്റൊരു നീക്കം മാത്രമായി ഇതിനെ അവഗണിച്ചുകൂടാ. കാരണം, പുതിയ ആയുധപരീക്ഷണങ്ങളും അണുബോംബ് നിര്‍മാണങ്ങളും ഒരളവോളം നിശ്ചലമായിനില്‍ക്കുന്ന വേളയില്‍ തികച്ചും അനുചിതമായ ഒരു ഘട്ടത്തിലാണ് ഉത്തര കൊറിയയുടെ ബോംബ് സ്‌ഫോടനമുണ്ടായത്. യഥാര്‍ഥത്തില്‍ വിജയകരമായി ഹൈഡ്രജന്‍ ബോംബ് പൊട്ടിച്ചിട്ടുണ്ടോ, ഇല്ലേ എന്നതിലുള്ള സന്ദേഹം ബാക്കിയാണെങ്കിലും റിക്റ്റര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ദക്ഷിണ കൊറിയ സ്ഥിരീകരിക്കുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തോടു വെല്ലുവിളിച്ചുനില്‍ക്കുന്ന ഉത്തര കൊറിയന്‍ നിലപാടുകളുടെ തന്റേടം അവിതര്‍ക്കിതമാണ്. പക്ഷേ, മാരക വിഷായുധ ബലപരീക്ഷണങ്ങള്‍ ലോകത്തിന്റെ ഉറക്കം കെടുത്തുന്നതും സമാധാനം തകര്‍ക്കുന്നതുമാണ്. അതിനാല്‍ തന്നെ പുതിയ ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കേണ്ടതായിട്ടുണ്ട്.
ഇതിനു മുന്‍കൈയെടുക്കേണ്ടത് അമേരിക്കയും റഷ്യയുമാണ്. കാരണം, അണുബോംബും ഹൈഡ്രജന്‍ ബോംബും വച്ചുള്ള മരണക്കളിയുടെ വക്താക്കള്‍ അവരാണ്. സാമ്രാജ്യത്വശക്തികള്‍ വിചാരിച്ചാല്‍ മാത്രമേ ആയുധപ്പന്തയം നിര്‍ത്തി ലോകസമാധാനം കുറച്ചെങ്കിലും സാധ്യമാവുകയുള്ളു. രാജ്യങ്ങളെ തമ്മിലടിപ്പിച്ച് ഇരുകൂട്ടര്‍ക്കും ആയുധവില്‍പന നടത്തി തടിച്ചുകൊഴുക്കുന്നത് ഏറ്റവുമധികം യാങ്കിമാമന്‍ തന്നെയാണ്. ഇപ്പോഴത്തെ ഗള്‍ഫ് സംഘര്‍ഷങ്ങളും സുന്നി-ശിയാ പോരുകളും മാത്രമല്ല, ഇന്ത്യാ-പാക് സംഘര്‍ഷവും ഇതേ സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ പരിണത ഫലമാണ്.
ഒരേസമയം പാകിസ്താനികളെക്കൊണ്ട് ഇന്ത്യയില്‍ ആക്രമണമുണ്ടാക്കുകയും ഇന്ത്യയെക്കൊണ്ട് തിരിച്ചടിപ്പിക്കുകയും ചെയ്യുന്ന സൃഗാലതന്ത്രം ഇപ്പോഴും തുടരുന്നതിന്റെ പുതിയ ഉദാഹരണമാണ് പത്താന്‍കോട്ട് വ്യോമകേന്ദ്ര ആക്രമണം. ഇപ്പോഴും ഇവിടെ ആക്രമണഭീതി നിലനില്‍ക്കുന്നതില്‍ നമ്മുടെ ഭരണകൂടത്തിന്റെ നിസ്സംഗതയ്ക്കും പങ്കുണ്ട്. ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ എക്കാലവും കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചു നടക്കാറുള്ള ബിജെപി അധികാരം കൈയിലിരുന്നിട്ടും മുട്ടുകുത്തിനില്‍ക്കുകയാണ്. ദേശസ്‌നേഹത്തിന്റെ വീമ്പുപറച്ചില്‍ മാത്രമായതുകൊണ്ട് കാര്യമില്ലെന്നു പത്താന്‍കോട്ട് തെളിയിക്കുന്നു. നമ്മുടെ നിലപാടുകള്‍ സംശയാതീതമല്ലെന്ന് ആരോപണമുയര്‍ന്നിരിക്കുന്നു. ഈ സംഭവങ്ങളിലൊക്കെയും തന്നെ നടപ്പാക്കപ്പെടുന്നത് സാമ്രാജ്യത്വതന്ത്രവും ലാഭംകൊയ്യുന്നത് സാമ്രാജ്യത്വശക്തികളുമാണ്. അമേരിക്കന്‍ ക്രൂരതകള്‍ക്കെതിരേ മൂന്നാംലോക രാജ്യങ്ങള്‍ക്ക് ധൈര്യം പകര്‍ന്ന് കൂടെനിന്നിരുന്ന ഉത്തര കൊറിയ തന്നെ ഇങ്ങനെയൊരു അവിവേകത്തിന് മുതിരരുതായിരുന്നു.
Next Story

RELATED STORIES

Share it