ഉത്തര കൊറിയയിലേക്ക് കയറ്റുമതി നിരോധിച്ച് ചൈന

ബെയ്ജിങ്: ഉത്തരകൊറിയയിലേക്ക് സാങ്കേതിക വസ്തുക്കളുള്‍പ്പെടെ ദുരുപയോഗ സാധ്യതയുള്ള വസ്തുക്കളുടെ കയറ്റുമതി ചൈന നിരോധിച്ചു. ഉത്തരകൊറിയ ആണവപരീക്ഷണം വിപുലപ്പെടുത്താന്‍ തയ്യാറെടുക്കുന്ന അവസരത്തിലാണ് നിരോധനമെന്ന് ചൈന അറിയിച്ചു. രാസായുധങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന വസ്തുക്കള്‍, ലേസര്‍ വെല്‍ഡിങ് ഉപകരണങ്ങള്‍, ലോഹക്കൂട്ടുകള്‍ തുടങ്ങിയവയ്ക്കാണ് നിരോധനമേര്‍പ്പെടുത്തിയതെന്ന് ചൈനീസ് വാണിജ്യകാര്യമന്ത്രി അറിയിച്ചു.
ഏറെക്കാലമായി ഉത്തരകൊറിയന്‍ സര്‍ക്കാരിനെ പിന്തുണച്ചു വരികയായിരുന്നു ചൈന. എന്നാല്‍, ഉത്തരകൊറിയയുടെ നാലാമത് അണ്വായുധ പരീക്ഷണത്തിനു ശേഷം മാര്‍ച്ചില്‍ യുഎന്‍ ഏര്‍പ്പെടുത്തിയ ഉപരോധക്കരാറില്‍ ഒപ്പുവച്ചതിനു പിന്നാലെയാണ് ഉത്തരകൊറിയക്കെതിരായ ഉപരോധ നടപടികള്‍ ചൈന ആരംഭിച്ചത്. ദുരുപയോഗ സാധ്യതയുള്ള വസ്തുക്കളുടെ കയറ്റുമതി കരാര്‍ വിലക്കുന്നുണ്ട്.
കരാറിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നിരോധനം. ഉപരോധത്തിനു ശേഷവും ആണവപരീക്ഷണവുമായി മുന്നോട്ടു പോവാന്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ആഹ്വാനം ചെയ്തിരുന്നു. ഉത്തരകൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു ചൈന. വ്യാപാര ഉപരോധത്തിന്റെ ഭാഗമായി ഉത്തരകൊറിയയില്‍ നിന്നും കര്‍ക്കരിയുടെയും ഇരുമ്പയിരിന്റെയും ഇറക്കുമതി ഏപ്രിലില്‍ ചൈന നിരോധിച്ചിരുന്നു.
Next Story

RELATED STORIES

Share it