World

ഉത്തര കൊറിയന്‍ മുന്‍ ചാര മേധാവി യുഎസിലേക്ക്

വാഷിങ്ടണ്‍: ഉത്തര കൊറിയ-യുഎസ് ഉച്ചകോടിക്കു മുന്നോടിയായി നയതന്ത്രതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഉച്ചകോടിയുടെ മുന്നോടിയായി ഉത്തര കൊറിയന്‍ മുന്‍ ചാരത്തലവന്‍ കിം യോങ് ചോയ്് യുഎസിലെത്തുമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ബെയ്ജിങില്‍ നിന്നു മാധ്യമ പ്രവര്‍ത്തരെ കണ്ട ചോയും ഇക്കാര്യം അറിയിച്ചിരുന്നു.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വലംകൈയായാണു കിം യോങ് ചോയ് അറിയപ്പെടുന്നത്. ഉത്തര കൊറിയയുടെ ചാരത്തലവനായിരുന്ന അദ്ദേഹം വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ കൂടിയാണ്. കിം യോങ് ചോയ്‌ക്കൊപ്പം വിദേശകാര്യ മന്ത്രാലയത്തിലെ ചോ കാങ് ഇല്ലും യുഎസിലേക്കു പോവുന്നുണ്ട്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി ഉത്തര കൊറിയന്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും.
അതേസമയം ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി യുഎസ് സംഘത്തിനു പിന്നാലെ കിംജോങ് ഉന്നിന്റെ സഹായി കിം ചാങ് സണ്‍ അടക്കമുള്ള ഉത്തര കൊറിയന്‍ സംഘവും സിംഗപ്പൂരിലെത്തി.  ഉച്ചകോടിയുടെ മുന്നോടിയായി ട്രംപും ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ ആബെയും തമ്മില്‍  കൂടിക്കാഴ്ച നടത്തി. ജൂണ്‍ 12നാണു സിംഗപ്പൂരില്‍ വച്ച് ട്രംപ്-കിം ഉച്ചകോടി നടക്കുക.  ഉത്തര കൊറിയയുടെ പ്രതികരണങ്ങള്‍ പ്രകോപനപരമാണെന്ന്് ആരോപിച്ച് ട്രംപ് ഉച്ചകോടിയില്‍ നിന്നു പിന്‍മാറിയിരുന്നു. ദക്ഷിണ കൊറിയയുടെ മധ്യസ്ഥതയില്‍ വീണ്ടും ചര്‍ച്ചാ സാധ്യതകള്‍ സജീവമാവുകയായിരുന്നു.
ഉച്ചകോടിയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും പങ്കെടുത്തേക്കും. ഉച്ചകോടിക്ക് മുന്നോടിയായി യുഎസും ഉത്തര കൊറിയയുമായി നടക്കുന്ന ചര്‍ച്ചകളെ അനുസരിച്ചായിരിക്കും ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുകയെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it