World

ഉത്തര കൊറിയന്‍ മിസൈല്‍ നിര്‍മാതാക്കള്‍ക്ക് യുഎസ് ഉപരോധം

മോസ്‌കോ/ വാഷിങ്ടന്‍: ഉത്തര കൊറിയയിലെ മുതിര്‍ന്ന രണ്ടു മിസൈല്‍ നിര്‍മാണ ഉദ്യോഗസ്ഥര്‍ക്ക്്് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി.
കിം ജോങ് സിക്, റി പ്യോങ് കൂള്‍ എന്നിവര്‍ക്കെതിരേയാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തര കൊറിയയുടെ മിസൈല്‍ സാങ്കേതികവിദ്യ ദ്രവ ഇന്ധനങ്ങളില്‍നിന്നു ഘന ഇന്ധനത്തിലേക്കു മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച ആളാണ് കിം എന്നും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണത്തിന്റെ ഉപജ്ഞാതാവാണെന്നുമാണ് യുഎസിന്റെ വാദം. ഇരുവര്‍ക്കും യുഎസില്‍ സ്വത്ത് വകകള്‍ ഉണ്ടെങ്കില്‍ മരവിപ്പിക്കുകയും ഇവരുമായി ഇടപാടുകള്‍ നടത്തുന്നതിനു നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും.
എന്നാല്‍, യുഎസും ഉത്തര കൊറിയയും തമ്മിലുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നറിയിച്ച് റഷ്യ രംഗത്തെത്തി. ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്കു തയ്യാറാവണമെന്നും ഇരുകക്ഷികള്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ മധ്യസ്ഥത വഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും  ക്രെംലിന്‍ വക്താവ് മിട്രി പെസ്‌കോവ്് അറിയിച്ചു.
തിങ്കളാഴ്ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്്‌റോവും ഇക്കാര്യം ഉന്നയിച്ചിരുന്നു. മേഖലയില്‍ സൈനിക സാന്നിധ്യവും സംഘര്‍ഷസാധ്യത വര്‍ധിപ്പിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും റഷ്യ അറിയിച്ചു.
നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഉത്തര കൊറിയയുമായി  ബന്ധപ്പെടാന്‍ യുഎസിന് കഴിയുമെന്നായിരുന്നു സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവിന്റെ പ്രതികരണം. ഉത്തര കൊറിയയെ മിസൈല്‍ പദ്ധതിയില്‍ നിന്നു പിന്തിരിപ്പിക്കാനും അണ്വായുധങ്ങള്‍ ഉപേക്ഷിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതിനും കൂടുതല്‍ ഒറ്റപ്പടുത്തുന്നതിനുമാണ് പുതിയ ഉപരോധമെന്ന്്് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുഷിന്‍ അറിയിച്ചു.
ഉത്തര കൊറിയ നവംബര്‍ 29ന് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിതിനെത്തുടര്‍ന്ന് യുഎന്‍ കഴിഞ്ഞ ആഴ്ച ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യുഎന്‍ നടപടി യുദ്ധപ്രഖ്യാപനമാണെന്ന് ഉത്തര കൊറിയ പ്രതികരിച്ചിരുന്നു.
Next Story

RELATED STORIES

Share it