ഉത്തര്‍പ്രദേശ്: 20 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ലഖ്‌നോ: ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് 12 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. എട്ടു മന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റവും നല്‍കി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.
അഞ്ച് കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള എട്ട് സഹമന്ത്രിമാരും ഏഴ് സഹമന്ത്രിമാരുമാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ രാംനായിക് സത്യവാചകം ചൊല്ലിക്കൊടുത്തു. അകാലിദള്‍ വിട്ടുവന്ന ബല്‍വന്ത് സിങ് റമൂവാലിയ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ ഐക്യമുന്നണി സര്‍ക്കാരില്‍ തൊഴില്‍മന്ത്രിയായിരുന്നു റമൂവാലിയ.
2012ല്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ വന്ന—ശേഷം നടക്കുന്ന അഞ്ചാമത് മന്ത്രിസഭാ അഴിച്ചുപണിയാണിത്. എട്ടു മന്ത്രിമാരെ മുഖ്യമന്ത്രി വ്യാഴാഴ്ച പുറത്താക്കിയിരുന്നു. ഒമ്പത് മന്ത്രിമാരുടെ വകുപ്പുകള്‍ എടുത്തുമാറ്റുകയും ചെയ്തിരുന്നു. യുവത്വത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടാണ് മന്ത്രിസഭ അഴിച്ചുപണിതതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പുറത്താക്കപ്പെട്ട മന്ത്രിമാരില്‍ ചിലര്‍ പരാതിയുമായി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിനെ സമീപിച്ചെങ്കിലും ആരെയും തിരിച്ചെടുത്തിട്ടില്ല.
Next Story

RELATED STORIES

Share it