ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് 13 കുട്ടികള്‍ മരിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ആളില്ലാ ലെവല്‍ക്രോസില്‍ വച്ച് സ്‌കൂള്‍ വാനില്‍ ട്രെയിന്‍ തട്ടി 13 വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റ സംഭവത്തില്‍ എട്ടു വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.  ഗോരഖ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ കുശിനഗറിലാണ് സംഭവം.
ആളില്ലാത്ത ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വാനില്‍ 30ഓളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. കുട്ടികളില്‍ അധികപേരും 8-10 വയസ്സിനിടയിലുള്ളവരാണ്. മരണസംഖ്യ ഉയരാമെന്നും പരിക്കു പറ്റിയവരില്‍ ലോക്കോ പൈലറ്റുമുണ്ടെന്നും പോലിസ് പറഞ്ഞു.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വാന്‍ ഡ്രൈവറുടെ തെറ്റുകൊണ്ടാണ് അപകടം നടന്നതെന്നും വണ്ടി ഓടിക്കുന്ന സമയത്ത് അയാള്‍ ഇയര്‍ഫോണ്‍ ധരിച്ചിരുന്നതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ചുള്ള വാര്‍ത്ത ഞെട്ടിച്ചുവെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും രാഷ്ട്രപതി അറിയിച്ചു. സ്‌കൂള്‍ കുട്ടികളുടെ മരണത്തില്‍ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുപി സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.
സംഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായ പരിക്കുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും നിസ്സാര പരിക്കുള്ളവര്‍ക്ക് 50,000 രൂപയും റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള നഷ്ടപരിഹാരമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it