Flash News

ഉത്തരേന്ത്യയില്‍ വീണ്ടും പൊടിക്കാറ്റ്; 27 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ 27 പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ 17ഉം ഉത്തരാഖണ്ഡില്‍ 4ഉം പശ്ചിമബംഗാളിലുണ്ടായ കാറ്റിലും മിന്നലിലും 6 പേരുമാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മരം വീണോ വീട് തകര്‍ന്നോ ആണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. മൊറാദാബാദിനെയാണ് പൊടിക്കാറ്റ് ഏറ്റവുമധികം ബാധിച്ചത്. ഏഴുപേരാണ് ജില്ലയില്‍ മാത്രമായി മരിച്ചത്. 3 പേര്‍ സാംബാലില്‍ മരിച്ചു. ബാദും, മുസഫര്‍ നഗര്‍, മീറത്ത് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും ഒരാള്‍ അംറഹോയയിലും മരണപ്പെട്ടു. അംറഹോയയില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മൊറാദാബാദില്‍ മൂന്ന് പേര്‍ക്കും മുസഫര്‍ നഗറില്‍ ര ണ്ടുപേര്‍ക്കും ബദായുവില്‍ ഒരാള്‍ക്കുമാണ് പരിക്കേറ്റത്. 24 മണിക്കൂറിനകം എല്ലാ ജില്ലകളിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബംഗാളിലെ നാദിയ, വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലകളില്‍ രണ്ടുപേര്‍ വീതവും ബര്‍ദ്വാന്‍, വെസ്റ്റ് ബര്‍ദ്വാന്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചതായി സംസ്ഥാന പോലിസ് കണ്‍ട്രോള്‍ റൂം അറിയിച്ചു. ബംഗാളിന്റെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് മേഖലാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹി, എന്‍സിആര്‍ മേഖലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊടിക്കാറ്റിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ പൊതുവില്‍ നല്ല കാലാവസ്ഥയാണെങ്കിലും വൈകുന്നേരത്തോടെ പൊടിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലുണ്ടായ പൊടിക്കാറ്റില്‍ 34 പേര്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it