Flash News

ഉത്തരേന്ത്യയില്‍ വീണ്ടും പൊടിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം

ഉത്തരേന്ത്യയില്‍ വീണ്ടും പൊടിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം
X


ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വീണ്ടും ശക്തമായ പൊടിക്കാറ്റ്. കാറ്റ് ഇനിയും ശക്തിപ്രാപിക്കുമെന്നാണ് സൂചന. രാജസ്ഥാനില്‍ പലയിടത്തും വൈദ്യുത  പോസ്റ്റുകള്‍ ഒടിഞ്ഞു വീണ് വൈദ്യുതി തടസപ്പെട്ടു.മേഖലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഡല്‍ഹി അടക്കമുള്ള രാജ്യതലസ്ഥാന മേഖലയിലും പൊടിക്കാറ്റ് വീശി. ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.  അഗ്‌നിശമന സേന പ്രവര്‍ത്തകരെയും രക്ഷാപ്രവര്‍ത്തകരെയും സജ്ജമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. റോഡില്‍ മാര്‍ഗതടസ്സമുണ്ടാക്കും വിധം മരങ്ങളോ മറ്റോ വീണാല്‍ നടപടിയെടുക്കാന്‍ ട്രാഫിക് പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി, പടിഞ്ഞാറന്‍ യുപി, സിക്കിം, ബംഗാള്‍ എന്നിവിടങ്ങളില്‍ തിങ്കളും ചൊവ്വയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 50-70 കി.മീ. വേഗതയിലായിരിക്കും ഇവിടങ്ങളില്‍ കൊടുങ്കാറ്റ് വീശുക. ഉത്തര്‍പ്രദേശില്‍ പലയിടത്തും മണിക്കൂറില്‍ 100 കി.മീ. വേഗത്തില്‍ തിങ്കളാഴ്ച കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞയാഴ്ചയുണ്ടായ പൊടിക്കാറ്റില്‍ അഞ്ചു സംസ്ഥാനങ്ങളിലായി നൂറ്റിയിരുപതോളം പേര്‍ മരിക്കുകയും മുന്നൂറോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it