ഉത്തരാഖണ്ഡ്: സഭകള്‍ ശബ്ദായമാനമാവും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപകുതി ഇന്നാരംഭിക്കും. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തെ ചൊല്ലി പാര്‍ലമെന്റ് ബഹളത്തില്‍ മുങ്ങുമെന്നാണ് സുചന. 13 ബില്ലുകള്‍ ലോക്‌സഭയിലും 11 ബില്ലുകള്‍ രാജ്യസഭയിലും പാസാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഉത്തരാഖണ്ഡിലെയും അരുണാചല്‍ പ്രദേശിലെയും രാഷ്ട്രപതി ഭരണം ചൂണ്ടിക്കാട്ടി, സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രമം. കോണ്‍ഗ്രസ്സിന് ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ട്. എന്നാല്‍, കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്രം ഭരിച്ചപ്പോള്‍ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കിയത് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

1951നു ശേഷം 111 തവണ രാജ്യത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇതില്‍ 91 എണ്ണവും ബിജെപിയോ, എന്‍ഡിഎയോ അധികാരത്തിലില്ലാത്തപ്പോഴായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് സ്പീക്കര്‍ സുമിത്ര മഹാജന്‍ ഞായറാഴ്ച സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടി. ഉത്തരാഖണ്ഡ് വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം സുപ്രിംകോടതിയിലായതിനാല്‍ ചര്‍ച്ച വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ലോക്‌സഭയില്‍ ചട്ടം 56 പ്രകാരം വിഷയം ചര്‍ച്ച ചെയ്യുന്നതിന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് യോഗത്തിനു ശേഷം ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ പറഞ്ഞു. ഉത്തരാഖണ്ഡ് വിഷയം ഇന്ന് ചോദ്യോത്തരവേള നിര്‍ത്തിവച്ച് ലോക്‌സഭ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രതിപക്ഷ കക്ഷികള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ വരള്‍ച്ചയും സഭ ചര്‍ച്ചചെയ്യും.
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അപലപിക്കുന്ന പ്രമേയത്തിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ് പ്രതിസന്ധി സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും. വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനാണ് തീരുമാനം. പത്താന്‍കോട്ട് ആക്രമണം, ഇശ്‌റത് ജഹാന്‍ കേസ്, വരള്‍ച്ച, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വര്‍ഗീയ വല്‍ക്കരണം തുടങ്ങിയ പ്രശ്‌നങ്ങളിലും സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനാണ് പ്രതിപക്ഷത്തിന്റെ പദ്ധതി. ഉത്തരാഖണ്ഡ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
Next Story

RELATED STORIES

Share it