ഉത്തരാഖണ്ഡ്: വിശ്വാസവോട്ടെടുപ്പിന് സ്‌റ്റേ

ഉത്തരാഖണ്ഡ്: വിശ്വാസവോട്ടെടുപ്പിന് സ്‌റ്റേ
X


harish-rawat

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഇന്നു നടക്കാനിരുന്ന വിശ്വാസവോട്ടെടുപ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ട ചൊവ്വാഴ്ചത്തെ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയാണു നൈനിറ്റാള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനത്ത് വിശ്വാസവോട്ടെടുപ്പിന് നിര്‍ദേശം നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യംചെയ്ത് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സ്റ്റേ ഉത്തരവ്. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി സംബന്ധിച്ച് അടുത്തമാസം ആറിനു കൂടുതല്‍ വാദംകേള്‍ക്കും. അതിനു മുമ്പായി ഈ വിഷയത്തില്‍ മറുപടി നല്‍കാന്‍ ഉത്തരാഖണ്ഡിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനോട് ജസ്റ്റിസുമാരായ കെ എം ജോസഫും വി കെ ബിഷ്ടും അടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു. ഹരജി പരിഗണിക്കുന്നതിനിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ഡിവിഷന്‍ ബെഞ്ച്, വിഷയത്തില്‍ നിരവധി നിയമപ്രശ്‌നങ്ങള്‍ പരിഗണിക്കാനുണ്ടെന്നു വ്യക്തമാക്കി. വിശ്വാസവോട്ടെടുപ്പാണ് ഏറ്റവും നല്ല പോരാട്ടവേദി. 28നു വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതുമാണ്. പിന്നെ എന്തിനാണു ധൃതിപിടിച്ച് രാഷ്ട്രപതിഭരണത്തിനു ശുപാര്‍ശചെയ്തത്. അതിനുമാത്രമുള്ള രാഷ്ട്രീയ സാഹചര്യം അവിടെയുണ്ടായിരുന്നോ? കോടതി ചോദിച്ചു. രാഷ്ട്രപതിഭരണം സംബന്ധിച്ചു ഭരണഘടനയില്‍ പറയുന്ന 356ാം വകുപ്പ് നിങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കലാണു തങ്ങളുടെ ഉത്തരവാദിത്തമെന്നും കേന്ദ്രസര്‍ക്കാരിനോടു കോടതി പറഞ്ഞു. രാഷ്ട്രപതിയുടെ വിജ്ഞാപനം സ്‌റ്റേചെയ്ത സിംഗിള്‍ ബെഞ്ചിന്റെ നടപടിയോടു യോജിക്കാനാവില്ലെന്നു കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍മാരായ തുഷാര്‍ മേത്തയും മനീന്ദര്‍ സിങും വാദിച്ചു.
Next Story

RELATED STORIES

Share it