ഉത്തരാഖണ്ഡ്: വിമത എംഎല്‍എമാര്‍ക്ക് സുപ്രിംകോടതി വിലക്ക്; 10ന് വിശ്വാസവോട്ട്

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: രാഷ്ട്രപതിഭരണം പിന്‍വലിക്കുന്നതിന്റെ ഭാഗമായി ഉത്തരാഖണ്ഡില്‍ ഈ മാസം 10ന് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രിംകോടതി നിര്‍ദേശം. എന്നാല്‍, കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല.
വോട്ടെടുപ്പ് നടക്കുന്ന രണ്ടുമണിക്കൂര്‍ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം എടുത്തുമാറ്റണം. എന്നാല്‍, ഉച്ചയ്ക്ക് ഒരുമണിക്കുശേഷം രാഷ്ട്രപതിഭരണം വീണ്ടും പ്രാബല്യത്തില്‍ വരും. ഈ ഇടവേളയില്‍ ഗവര്‍ണര്‍ക്കായിരിക്കും ഭരണത്തിന്റെ ഉത്തരവാദിത്തം. നിഷ്പക്ഷമായ നടപടിക്രമങ്ങള്‍ക്കായി നിയമസഭാ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും എംഎല്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചുമതലപ്പെടുത്തി. വോട്ടെടുപ്പ് ഫലമടങ്ങിയ വിവരങ്ങള്‍ സീല്‍വച്ച കവറില്‍ പിറ്റേന്നു തന്നെ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ രാവിലെ അറിയിച്ചിരുന്നു. മേല്‍നോട്ടത്തിനായി നിരീക്ഷകനെ ഏര്‍പ്പെടുത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി വിരമിച്ച ഒരാളായിരിക്കണം നിരീക്ഷകനെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. ഭരണഘടനയിലെ 10ാം ഷെഡ്യൂള്‍ പ്രകാരം കൂറുമാറിയ സാമാജികര്‍ക്കെതിരേ നടപടി നിലനില്‍ക്കുന്നതിനാല്‍ ഒമ്പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നും ഇവരെ മാറ്റിനിര്‍ത്തണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ നാലുവര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തിലിരുന്ന ഉത്തരാഖണ്ഡ് നിയമസഭയിലെ 70 അംഗങ്ങളില്‍ 36 കോണ്‍ഗ്രസ് പ്രതിനിധികളും പുരോഗമന ജനാധിപത്യസഖ്യത്തിലെ ആറുപേരും ഹരീഷ് റാവത്തിനെ പിന്തുണച്ചിരുന്നു. ബിജെപിക്ക് 28 അംഗങ്ങളുണ്ട്. ഒമ്പതുപേര്‍ വന്നതോടെ തങ്ങള്‍ക്ക് കേവല ഭൂരിപക്ഷമുണ്ടെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നുമായിരുന്നു ബിജെപിയുടെ അവകാശവാദം. ഇതിനിടെയാണ് കൂറുമാറിയ എംഎല്‍എമാരെ സ്പീക്കര്‍ ഗോവിന്ദ്‌സിങ് കുഞ്ചാള്‍ അയോഗ്യരാക്കിയത്. ഒമ്പത് വിമത എംഎല്‍എമാരെ മാറ്റിനിര്‍ത്തിയാല്‍ പുരോഗമന ജനാധിപത്യസഖ്യം സാമാജികര്‍ ഉള്‍പ്പെടെ 33 പേരുടെ പിന്തുണ കോണ്‍ഗ്രസ്സിനുണ്ട്.
മാര്‍ച്ച് 26നു രാത്രിയാണ് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഇതിനെ ചോദ്യംചെയ്ത് ഹരീഷ് റാവത്ത് ഹൈക്കോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തിരിച്ചെത്താന്‍ അര്‍ഹതയുണ്ടെന്ന് ചീഫ്ജസ്റ്റിസ് കെ എം ജോസഫ് വിധിക്കുകയുണ്ടായി. ഇതിനെതിരേ കേന്ദ്രം സുപ്രിംകോടതിയെ സമീപിക്കുകയും ഹൈക്കോടതി വിധി മരവിപ്പിക്കുകയും ചെയ്തു.
അതിനിടെ, സ്പീക്കറുടെ നടപടിക്കെതിരേ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമര്‍പ്പിച്ച രണ്ടു വ്യത്യസ്ത ഹരജികളില്‍ ഹൈക്കോടതി ഇന്നു വാദംകേള്‍ക്കും.
Next Story

RELATED STORIES

Share it