ഉത്തരാഖണ്ഡ്: വിധിക്ക് സ്‌റ്റേ; 27 വരെ രാഷ്ട്രപതിഭരണം നിലനില്‍ക്കുമെന്ന് സുപ്രിംകോടതി

മുഹമ്മദ് സാബിത്ത്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ഈ മാസം 27 വരെയാണ് സ്‌റ്റേ. കേന്ദ്രസര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് 27 വരെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം നിലനില്‍ക്കുമെന്നു വ്യക്തമാക്കി. ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയുടെ രേഖാമൂലമുള്ള പകര്‍പ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണു നടപടി. വിധിപകര്‍പ്പ് 26നകം എല്ലാ കക്ഷികള്‍ക്കും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഹരജി ഉടന്‍ പരിഗണിക്കണമെന്നും ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. രാവിലെ 10.30ന് കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ഇക്കാര്യമുന്നയിച്ചു. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അവധിയായതിനാല്‍ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജി സ്വീകരിച്ചത്. കേസ് എപ്പോള്‍ പരിഗണിക്കണമെന്നു തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റിസും രജിസ്ട്രാര്‍ ജനറലുമാണെന്നും ചീഫ് ജസ്റ്റിസിന്റെ അഭാവത്തില്‍ തീരുമാനമെടുക്കാന്‍ രജിസ്ട്രാര്‍ ജനറലിനെ സമീപിക്കാമെന്നും സുപ്രിംകോടതി അറിയിച്ചു.
ഇക്കാര്യമുന്നയിച്ച് ഉച്ചയോടെ കേന്ദ്രസര്‍ക്കാര്‍ രജിസ്ട്രാര്‍ ജനറലിന് അപ്പീല്‍ നല്‍കി. ഇദ്ദേഹം ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തിയശേഷം ഹരജി ഇന്നലെ തന്നെ പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഹരീഷ് റാവത്ത് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും ബജറ്റ് നിയമസഭ പാസാക്കിയിട്ടില്ലെന്നും ഭരണപ്രതിസന്ധി നിലനില്‍ക്കുന്നതിനാലാണ് 356ാം അനുച്ഛേദപ്രകാരം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
രാഷ്ട്രപതിഭരണത്തിന്റെ സാധുത ഉള്‍ക്കൊള്ളുന്ന ഒരു കേസില്‍ അന്തിമവിധി ഉടന്‍ നടപ്പാവണമെങ്കില്‍ ഹൈക്കോടതി വിധി രേഖാമൂലമായിരിക്കണമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തില്‍ വിധിയുടെ പകര്‍പ്പ് ലഭിക്കുന്നതു വരെ മൂന്നോ നാലോ ദിവസത്തേക്ക് പ്രസ്തുത വിധി മരവിപ്പിക്കാം.
27ന് കേസ് വീണ്ടും പരിഗണിക്കുന്നതിനു മുമ്പ് രാഷ്ട്രപതിഭരണം പിന്‍വലിക്കില്ലെന്നും ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ ബോധിപ്പിച്ചു. ഒരു വിധിയുടെ പകര്‍പ്പില്ലാതെ എങ്ങനെയാണ് പ്രസ്തുത വിധി മരവിപ്പിക്കാനുള്ള അപേക്ഷ പരിഗണിക്കാനാവുകയെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ചോദിച്ചു. ഹൈക്കോടതി പുനസ്ഥാപിച്ച ഹരീഷ് റാവത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുതെന്ന് കേന്ദ്രത്തിനു എങ്ങനെയാണ് പറയാനാവുകയെന്നായിരുന്നു മറ്റൊരു അഭിഭാഷകനായ അഭിഷേക് മനു സിങ്‌വിയുടെ ചോദ്യം.
ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് കെ എം ജോസഫും ജസ്റ്റിസ് വി കെ ബിഷ്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇതുപ്രകാരം 29നാണ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ്. വിധി സ്റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി, ഇതേ ആവശ്യവുമായി വേണമെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാമെന്ന് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, സംസ്ഥാനത്ത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. കേസില്‍ ഭരണഘടനാ ബെഞ്ച് വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it