ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഭൂരിപക്ഷം തെളിയിക്കണം

ഡെറാഡൂണ്‍/ന്യൂഡല്‍ഹി: ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി. കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. എന്നാല്‍, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. കൂറുമാറ്റ നിരോധനനിയമം പ്രാബല്യത്തിലുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും സ്പീക്കര്‍ ഗോവിന്ദ് സിങ് കുന്‍ജ്വല്‍ അറിയിച്ചു.
ഈ മാസം 28നകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ കെ കെ പൗള്‍, മുഖ്യമന്ത്രി റാവത്തിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. പണവും രാഷ്ട്രീയാധികാരവും വാഗ്ദാനം ചെയ്ത് ബിജെപി ഇതര സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഡല്‍ഹിയില്‍ ആരോപിച്ചു.
അതേസമയം, കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ബിജെപി വ്യക്തമക്കി. ഹരീഷ് റാവത്ത് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നും സംസ്ഥാനത്തെ ബിജെപിയുടെ ചുമതലയുള്ള ശ്യാം ജാജു പറഞ്ഞു. തങ്ങളെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ രാഷ്ട്രപതിയുടെ മുന്നില്‍ അണിനിരത്താന്‍ തയ്യാറാണെന്നും ജാജു അറിയിച്ചു.
70 അംഗ നിയമസഭയില്‍ കൂറു മാറിയവര്‍ ഉള്‍പ്പടെ 36 ആയിരുന്നു കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ. അതോടൊപ്പം പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ആറംഗങ്ങളും സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. 28 അംഗങ്ങളാണ് ബിജെപി—ക്കുണ്ടായിരുന്നത്. കൂറുമാറിയവരുടെ പിന്തുണ കൂടി ലഭിച്ചതോടെ ബിജെപിയുടെ സംഖ്യ 37 ആയി ഉയര്‍ന്നു.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച മുന്‍ മുഖ്യമന്ത്രിയും എംപിയുമായ ഭഗത് സിങ് കോശിയാരി, ജാജു, ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ജിയ എന്നിവര്‍ ഉള്‍പ്പെടുന്ന ബിജെപി പ്രതിനിധി സംഘം ഗവര്‍ണര്‍ കെ കെ പോളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സര്‍ക്കാരിനെതിരേ തിരിയുന്നതിലേക്ക് ഇടവച്ചത്.
ഉത്തരാഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധിക്കു കാരണം ബിജെപിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടം നടത്തുകയാണ്. അഴിമതിയും ദേശവിരുദ്ധതയും അധികാരത്തോടുള്ള ആര്‍ത്തിയുമാണ് ബിജെപിയുടെ മുഖമുദ്ര. അരുണാചല്‍ പ്രദേശിലെ കുതിരക്കച്ചവടം ഇപ്പോള്‍ ഉത്തരാഖണ്ഡിലെത്തിയിരിക്കുകയാണ്- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പിഎഫിനും ആഭരണങ്ങള്‍ക്കും നികുതി ചുമത്താനുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് നിര്‍ദേശങ്ങളെയും കെജ്‌രിവാള്‍ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it