ഉത്തരാഖണ്ഡ് പ്രതിസന്ധി: വിശ്വാസ വോട്ടെടുപ്പിന് മുന്‍ഗണനയെന്ന് കോടതി

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പു നടത്തിക്കൂടേയെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് കേന്ദ്രത്തോടു ചോദിച്ചു. കേസ് ഇന്നലെ പരിഗണിക്കേണ്ടതായിരുന്നെങ്കിലും ജസ്റ്റിസ് സിങ് പരിഗണിക്കുന്ന മറ്റൊരു കേസുകൂടി ഇന്നലെ വന്നതിനാല്‍ വിഷയത്തില്‍ ഇന്നു വാദം കേള്‍ക്കും. സംസ്ഥാനത്തെ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതിവിധിക്കെതിരേ കേന്ദ്രം സമര്‍പ്പിച്ച ഹരജിയാണു കോടതി പരിഗണിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച ഹൈക്കോടതിവിധിക്കുള്ള സ്‌റ്റേ തുടരുമെന്നു വ്യക്തമാക്കിയ കോടതി എന്നാല്‍ ചില കാര്യങ്ങളില്‍ കേന്ദ്രത്തോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കേസിലെ വാദം കേള്‍ക്കുന്നത് ഇന്നത്തേക്കു മാറ്റിയ ബെഞ്ച്, വിശ്വാസവോട്ട് നടത്തുന്നതിനോടുതന്നെയാണു തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നു വ്യക്തമാക്കുകയായിരുന്നു. ഇന്ന് ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണം കൂടി അറിയിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയോട് കോടതി ആവശ്യപ്പെട്ടു.
ഏപ്രില്‍ 22നാണ് സുപ്രിംകോടതി രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്. പിന്നീട് കഴിഞ്ഞ ബുധനാഴ്ച സ്റ്റേ തുടരാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ സംസ്ഥാനത്തെ സാഹചര്യവുമായി ബന്ധപ്പെട്ട് ഏഴു ചോദ്യങ്ങള്‍ക്കു കോടതി കേന്ദ്രത്തില്‍ നിന്നു മറുപടി ആവശ്യപ്പെട്ടിരുന്നു.
വിമത എംഎല്‍എമാരെ അയോഗ്യരാക്കി എന്നതു രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാന്‍ മതിയായ കാരണമാണോ, നിലവിലുള്ള സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍വേണ്ടി ശുപാര്‍ശചെയ്യാന്‍ ഗവര്‍ണര്‍ക്കു സാധിക്കില്ലേ എന്നതടക്കമുള്ള ചോദ്യങ്ങളിന്‍മേലാണു കേന്ദ്രം മറുപടി നല്‍കേണ്ടത്. ചില ഭരണപക്ഷ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്കു കൂറുമാറിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്താണ് കേന്ദ്രം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്തത്.
ശുപാര്‍ശ അംഗീകരിച്ച രാഷ്ട്രപതി, ഭരണഘടനയിലെ 356ാം വകുപ്പ് ഉപയോഗിച്ച് മാര്‍ച്ച് 27ന് ഇതുസംബന്ധിച്ച പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കുകയായിരുന്നു. എന്നാല്‍ ഇതിനെ ചോദ്യംചെയ്ത് ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി വന്നുവെങ്കിലും പിന്നീട് ഇതിനെതിരായ കേന്ദ്രത്തിന്റെ ഹരജി പരിഗണിച്ച സുപ്രിംകോടതി വിധി സ്‌റ്റേ ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it