ഉത്തരാഖണ്ഡ്: പാര്‍ലമെന്റ് പ്രക്ഷുബ്ധം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണത്തെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ സഭ നേരത്തേ പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാദമാണ് ഇന്നലെ ആരംഭിച്ചത്. ഭരണഘടനയെ പരിഹാസ്യമാക്കുന്നത് അനുവദിക്കാനാവില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. എന്നാല്‍, ഉത്തരാഖണ്ഡിലെ ഭരണപ്രതിസന്ധി കോണ്‍ഗ്രസ്സിലെ ആഭ്യന്തരപ്രശ്‌നങ്ങളുടെ ഫലമാണെന്നായിരുന്നു ലോക്‌സഭയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം.
വിഷയം കോടതിയുടെ പരിഗണനയിലാണെന്ന ഭരണപക്ഷത്തിന്റെ നിലപാട് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. അങ്ങനെയെങ്കില്‍ ബാബരി, ഇശ്‌റത് ജഹാന്‍ വിഷയങ്ങളും കോടതിയുടെ പരിഗണനയില്ലല്ലേ എന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരിച്ചടിച്ചു. ബിജെപി പ്രതിപക്ഷമായ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും ഈ പ്രവണത തുടരുകയാണെങ്കില്‍ ജനാധിപത്യം നിലനില്‍ക്കില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
എന്നാല്‍, ചെയറിന്റെ അനുമതിയില്ലാതെയും നോട്ടീസ് നല്‍കാതെയും വിഷയം ചര്‍ച്ചചെയ്യാനാവില്ലെന്നായിരുന്നു സ്പീക്കര്‍ സുമിത്രാ മഹാജന്റെ റൂളിങ്. കഴിഞ്ഞ ഒരുവര്‍ഷമായി ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുന്നതിന് ഭരണപക്ഷം വിഘാതം സൃഷ്ടിക്കുകയാണെന്ന് രാജ്യസഭയില്‍ ഗുലാംനബി ആരോപിച്ചു.
കൊല്ലം പരവൂര്‍ വെടിക്കെട്ടപകടം റിച്ചാര്‍ഡ് ഹേ ഉന്നയിച്ചു. അപകടം ദേശീയദുരന്തമായി പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു.
കേരളം കടുത്ത കുടിവെള്ള പ്രതിസന്ധിയിലാണെന്നും പല നദികളും വറ്റിയതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജലക്ഷാമവുമായി ബന്ധപ്പെട്ട് നാളെ ചര്‍ച്ചയാവാമെന്നും കോടതിക്കു കീഴിലുള്ള വിഷയമായതിനാല്‍ ഉത്തരാഖണ്ഡ് ചര്‍ച്ചചെയ്യില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതിനിടെ സിനിമാതാരം സുരേഷ് ഗോപി, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ബോക്‌സിങ് താരം മേരികോം തുടങ്ങി പുതുതായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് രാഷ്ട്രപതിഭവന്‍ അംഗീകാരം നല്‍കി.
Next Story

RELATED STORIES

Share it