ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം

കെ എ സലിം ന്യൂഡല്‍ഹി: ഹരീഷ് റാവത്ത് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കെ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശയ്ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണു നടപടി. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാത്രി അടിയന്തര മന്ത്രിസഭായോഗം വിളിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷംപേരും മുന്നോട്ടുവച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാഷ്ട്രപതിയുമായി ചര്‍ച്ച നടത്തി ഉത്തരാഖണ്ഡിലെ സാഹചര്യം വിശദീകരിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായതായി ഗവര്‍ണര്‍ കെ കെ പോള്‍ രാഷ്ട്രപതിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് രാഷ്ട്രപതിയുടെ നടപടി. അതേസമയം, രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. ജനാധിപത്യത്തിന്റെ കൊലപാതകമാണിതെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കുറ്റപ്പെടുത്തി.  കുതിരക്കച്ചവടത്തിനുള്ള ഒരുക്കങ്ങളാണ് ബിജെപി നടത്തുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ കുറ്റപ്പെടുത്തി. ബജറ്റിനെ തുടര്‍ന്നുള്ള വിവാദത്തിനിടെ മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെയാണ് ഭരണപ്രതിസന്ധി ഉടലെടുത്തത്. 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 36 അംഗങ്ങളാണുള്ളത്. പുരോഗമന ജനാധിപത്യസഖ്യത്തിലെ ആറ് എംഎല്‍എമാരുടെ പിന്തുണയുമുണ്ട്.  ഒമ്പതു കോണ്‍ഗ്രസ് സാമാജികര്‍ പിന്മാറിയതോടെ ഭരണകക്ഷിയുടെ ഭൂരിപക്ഷം നഷ്ടമാവുകയും 28 എംഎല്‍എമാരുള്ള ബിജെപിക്ക് 37 പേരുടെ പിന്തുണ ലഭിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it