ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു; കേന്ദ്ര ദുരന്തനിവാരണ സേനയെ വിന്യസിച്ചു

ഡെറാഡൂണ്‍: വേനല്‍ കനത്തതോടെ ഉത്തരാഖണ്ഡില്‍ കാട്ടൂതീ പടരുന്നു. കാട്ടുതീയിലകപ്പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. 13 ജില്ലകളിലായി 1,900 ഹെക്ടര്‍ വനഭൂമിയാണ് അഗ്നി വിഴുങ്ങിയത്. കടുത്ത വേനലും ശക്തമായ കാറ്റുമാണ് തീ പടരാന്‍ ഇടയാക്കിയത്. തീ നിയന്ത്രണാതീതമായതോടെ ബദരിനാഥിലേക്കുള്ള ദേശീയപാത 58 അധികൃതര്‍ അടച്ചു. കാട്ടുതീ നിയന്ത്രിക്കാനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്താനുമായി കേന്ദ്രം ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.135 പേരടങ്ങുന്ന മൂന്ന് സംഘങ്ങളെയാണ് തീയണക്കാനായി നിയോഗിച്ചത്. പൗരി ഗഡ്‌വാള്‍, നൈനിറ്റാള്‍, പിത്തോര്‍ഗഡ്, ബഗേഷ്വര്‍, ചമോലി തുടങ്ങിയ ജില്ലകളിലാണ് കാട്ടുതീ കൂടുതല്‍ നാശം വിതച്ചത്. കടുവാ സംരക്ഷിത പ്രദേശം കൂടിയായ ജിം കോര്‍ബെറ്റ് ദേശീയോദ്യാനത്തിലേക്കും തീ പടര്‍ന്നു. ഇവിടെ 198 ഹെക്ടര്‍ വനം കത്തിനശിച്ചിട്ടുണ്ട്. കൂടാതെ, രാജാജി ടൈഗര്‍ റിസര്‍വിന്റെ 70 ഹെക്ടര്‍ പ്രദേശത്ത് തീ പടര്‍ന്നു. കരടി സങ്കേതമായ കേദാര്‍നാഥില്‍ 60 ഹെക്ടര്‍ വനമാണ് അഗ്നിക്കിരയായത്.
തീ നിയന്ത്രിക്കാനാവാത്ത വിധം പടര്‍ന്നിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് അഗ്‌നിശമനസേനാ പ്രവര്‍ത്തകര്‍. കാട്ടുതീ വന്യമൃഗങ്ങളെ ബാധിച്ചതായ റിപോര്‍ട്ടുകളില്ല. ബുധനാഴ്ച രാവിലെയാണ് കാട്ടുതീ പടരുന്നതായുള്ള വിവരങ്ങള്‍ പുറത്തായത്. വിനോദസഞ്ചാര കേന്ദ്രങ്ങളായ ബിജ്‌റാണി, കാലഗഡ്, സോനാനദി തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടുതീ ആദ്യം റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
Next Story

RELATED STORIES

Share it