Alappuzha local

ഉത്തരവ് ലംഘിച്ചു മാംസ വ്യാപാരത്തിന് അനുമതി നല്‍കിയ നടപടി വിവാദമായി

മാന്നാര്‍: അറവുശാലകള്‍ ഇല്ലാത്ത മാന്നാര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഇറച്ചിക്കട കോടതി നിര്‍ദേശം മറികടന്നു ലേലം ചെയ്തതു വിവാദമായി. കഴിഞ്ഞ എട്ടാം തിയ്യതി നടന്ന ലേലമാണ് വിവാദമായത്.
കേരള പഞ്ചായത്ത് രാജ് ആക്ടിലെ 229, 230, 231, 254 വകുപ്പുകള്‍ പ്രകാരം പൊതു കശാപ്പു ശാലകളോ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടെങ്കില്‍ മാത്രമേ ഇറച്ചി വില്‍പ്പന ശാലകള്‍ ലേലം ചെയ്യാന്‍ കഴിയൂ. എന്നാല്‍ ഈ നിര്‍ദേങ്ങള്‍ ലംഘിച്ചു കഴിഞ്ഞ എട്ടാം തിയ്യതി ഇറച്ചി വില്‍പനശാലകള്‍ ലേലം ചെയ്യുന്നതിനെതിരേ ബുധനൂര്‍ സ്വദേശിയായ ഷിബു ഹൈക്കോടയിലെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലേലം കോടതി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കുകയും ഇതിന്റെ പകര്‍പ്പു പരാതിക്കാരന്‍ പഞ്ചായത്ത് സെക്രട്ടറിയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി ഉത്തരവ് മറികടന്നു ഇറച്ചി വില്‍പ്പന ശാലകള്‍ ലേലം ചെയ്യുകയും ഏതാനും കച്ചവടക്കാര്‍ ലേലം ഉറപ്പിക്കുകയും ചെയ്തിരുന്നു.
ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലം നടന്നത് പാവുക്കര കടപ്രമഠം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വില്‍പനശാലയ്ക്കാണ്. അന്നു വൈകീട്ട് അഞ്ചിന് മുമ്പായി ലേലത്തുക കെട്ടിവയ്ക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചിലര്‍ പഞ്ചായത്ത് സെക്രട്ടറിയെ നേരില്‍ കണ്ടു കച്ചവടക്കാര്‍ ലേലത്തുക കെട്ടിവയ്ക്കാമെന്നു അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാവുക്കര കടപ്രമഠം ജങ്ഷനിലെ കട ലേല വ്യവസ്ഥകള്‍ക്ക് വിപരീതമായി കട ഭരണകക്ഷിയിലെ ഒരു ഘടകകക്ഷിയുടെ അടുത്തയാള്‍ക്ക് സെക്രട്ടറി നല്‍കുകയായിരുന്നു. ലേലം ഉറപ്പിച്ചവര്‍ പഞ്ചായത്ത് സെക്രട്ടറി അഴിമതി കാണിച്ചു എന്നു പറഞ്ഞു പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. ഹൈക്കോടതിയെ സമീപിക്കാനും നീക്കം നടത്തുന്നുണ്ട്.
മാന്നാറില്‍ അനധികൃത അറവുശാലകളാണ് ഭൂരിഭാഗവുമുള്ളത്. ലേലപരസ്യത്തില്‍ ഹൈകോടതി നിബന്ധനകള്‍ക്ക് വിധേയമായും കശാപ്പ് ചെയ്യുന്ന മൃഗങ്ങളെ മുന്‍കൂട്ടി വെറ്റിനറി ഡോക്ടര്‍മാരെകൊണ്ട് പരിശോധിപ്പിക്കണമെന്നും പഞ്ചായത്ത് വിജ്ഞാപനം ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഇത്തരമൊരു സംവിധാനങ്ങളും പഞ്ചായത്ത് പരിധിയിലില്ല.
ബീഫ് വിരോധികളായ ബിജെപി മെംബര്‍മാര്‍ പോലും ഈ നിയമലംഘനത്തെ എതിര്‍ക്കാന്‍ തയ്യാറായിട്ടില്ല. മുഖ്യപ്രതിപക്ഷത്തിനും ഇതൊരു പ്രശ്‌നമല്ല. കഴിഞ്ഞ ദിവസം ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടു ഈ രണ്ടു പാര്‍ട്ടികളും ഉപരോധ സമരങ്ങള്‍ സംഘടിപ്പിച്ചെങ്കിലും അഴിമതിക്കു കാരണമായ ഇറച്ചി ലേലവുമായി ഒന്നും തന്നെ മിണ്ടിയതുമില്ല. നിയമവിരുദ്ധമായ കെട്ടിടങ്ങള്‍ക്ക് നിര്‍മാണാനുമതി നല്‍കിയതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നയാളാണ് സെക്രട്ടറി.
കോടതി ഉത്തരവും ചട്ടങ്ങളും നിയമങ്ങളും മറികടന്നു ഇറച്ചിക്കടകള്‍ ലേലം ചെയ്യുന്നതിനെ സംബന്ധിച്ചു വിജിലന്‍സ് കോടതിയെ സമീപിക്കുമെന്നു ഹൈക്കോടതിയില്‍ പരാതി നല്‍കിയ ഷിബു പറഞ്ഞു. മാന്നാറില്‍ അത്യാധുനിക അറവുശാലകള്‍ ഗ്രാമപ്പഞ്ചായത്ത് പണിതു നല്‍കണമെന്നു എസ്ഡിപിഐ ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു വരുമെന്നു മണ്ഡലം കമ്മിറ്റി അറിയിച്ചു.
Next Story

RELATED STORIES

Share it