palakkad local

ഉത്തരവുണ്ടായിട്ടും ശമ്പള വര്‍ധനയില്ലാതെ റെയില്‍വേ ശുചീകരണ ജോലിക്കാര്‍



ഒലവക്കോട്: കേന്ദ്ര തൊഴില്‍വകുപ്പ് കമ്മീഷണര്‍ ഉത്തരവ് ഇറക്കിയിട്ടും പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ 70 ഓളം ശുചീകരണ തൊഴിലാളികള്‍ക്കു റെയില്‍വേ വര്‍ധിപ്പിച്ച ശമ്പളം നല്‍കുന്നില്ല. റെയില്‍വേയും ശുചീകരണ കരാര്‍ ഏടുത്ത ചെന്നൈ ആസ്ഥാനമായ കമ്പനിയും തമ്മിലുള്ള തര്‍ക്കം കാരണം ജനുവരി 19 മുതല്‍ ഏപ്രില്‍ ഒന്നു വരെയുള്ള വര്‍ധനയാണു തൊഴിലാളികള്‍ക്കു ലഭിക്കത്തത്. 2008 മുതല്‍ കരാറുകാര്‍ക്കാണ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ശുചീകരണ ചുമതല. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. കഴിഞ്ഞ ജനുവരി 19നാണു ശുചീകരണ തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ വേതനം 350 രൂപയായി കേന്ദ്ര തൊഴില്‍വകുപ്പ് കമ്മീഷണര്‍ വര്‍ധിപ്പിച്ചത്. അതുവരെ 130 രൂപ ഡിഎ ഉള്‍പ്പെടെ 250 രൂപയാണു വേതനം നല്‍കിയിരുന്നത്. ഏപ്രില്‍ ആദ്യ വാരം കരാര്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്നു ചെന്നൈ കമ്പനി ശുചീകരണം അവസാനിപ്പിച്ചിരുന്നു.പിന്നീടു പാലക്കാട്ടെ താല്‍ക്കാലിക കരാറുകാര്‍ ജോലി ഏറ്റെടുത്തു. താല്‍ക്കാലിക കരാറുകാര്‍ ദിവസേന 350 രൂപ എന്ന നിരക്കില്‍ തൊഴിലാളികള്‍ക്കു ശമ്പളം നല്‍കുന്നുണ്ട്. എന്നാല്‍ ഉത്തരവ് നടപ്പാക്കിയ കാലത്തെ വര്‍ധിച്ച ശമ്പളത്തെക്കുറിച്ചു കരാര്‍ കമ്പനിയും റെയില്‍വേയും മൗനം പാലിക്കുന്നു. കരാര്‍ നല്‍കിയ കാലത്തു സമ്മതിച്ച വേതനം മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് കമ്പനി നിലപാട്. അതേ സമയം പ്രശ്‌നം പഠിച്ചു ദക്ഷിണ റെയില്‍വേ ആസ്ഥാനത്തേക്കു റിപോര്‍ട്ട് അയച്ചിട്ടുണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. ശമ്പളം വര്‍ധിപ്പിച്ച ശേഷവും 100 ദിവസവം തൊഴിലാളികള്‍ പഴയ ശമ്പളത്തിനു ജോലി ചെയ്തിട്ടുണ്ട്. വര്‍ധിപ്പിച്ച ശമ്പളം ലഭിക്കുന്നില്ലെന്ന് അറിഞ്ഞിട്ടും മറ്റു വഴികളില്ലാതെയാണ് ഇവരില്‍ ഭൂരിഭാഗവും പിടിച്ചു നിന്നത്.
Next Story

RELATED STORIES

Share it