wayanad local

ഉത്തരവുകള്‍ അട്ടിമറിക്കപ്പെടുന്നു : മധ്യവേനലവധിക്കാലം ട്യൂഷന്‍ സെന്ററുകളില്‍



മാനന്തവാടി:  മധ്യവേനലവധിക്കാലത്ത് ക്ലാസ്സുകള്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ വകുപ്പും സര്‍ക്കുലറുകള്‍ ഇറക്കി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ സ്വകാര്യ ട്യൂഷന്‍ കേന്ദ്രങ്ങള്‍ സാമ്പത്തിക കൊയ്ത്ത് നടത്തുന്നു. സര്‍ക്കാര്‍ ഉത്തരവുകളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണ് ട്യൂഷന്‍ സെന്ററുകളും പരിശീലന കേന്ദ്രങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഒരു വിധത്തിലുള്ള പരിശീലനവും നല്‍കരുതെന്നാണ് ഉത്തരവ്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് ഉത്തരവ് ബാധകമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം പത്താം തരത്തിലേക്ക് വിജയിച്ചവര്‍ക്കും പ്ലസ് ടു പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ട്യൂഷന്‍ സെന്ററുകളിലൂടെ ഇപ്പോള്‍ ക്ലാസ് നല്‍കുന്നത്. എസ്എസ്എല്‍സി ഫലം പുറത്തുവന്നതിന് ശേഷം സേ പരിക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കും ക്ലാസ്സ് നടക്കുന്നുണ്ട്. വിദ്യാലയങ്ങളിലെ പഠനം നിലച്ചതോടെ പഠനത്തില്‍ മുന്‍പന്തിയലുള്ളതും ഉയര്‍ന്ന വിജയം പ്രതീക്ഷിക്കുന്നതുമായ വിദ്യാര്‍ത്ഥികളാണ് സ്വകാര്യ ടൂഷന്‍ കേന്ദ്രങ്ങളിലേക്ക് കുടിയേറുന്നത്. ചില ട്യൂഷന്‍ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ അധ്യാപകര്‍ ട്യൂഷന്‍ എടുത്ത് നല്‍കുന്നതായും ആരോപണമുണ്ട്. ടൗണുകളില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും പത്രങ്ങള്‍ക്കൊപ്പം നോട്ടീസുകള്‍ വീടുകളിലെത്തിച്ചുമാണ് ട്യൂഷന്‍ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നത്. ഉയര്‍ന്ന ഫീസാണ് ഇത്തരം കേന്ദ്രങ്ങള്‍ കുട്ടികളില്‍ നിന്നും ഈടാക്കുന്നത്. സര്‍ക്കാര്‍ ഉത്തരവില്‍ ട്യൂഷന്‍ സെന്ററുകളെ കുറിച്ച് പറയാത്തതിനാല്‍ ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണ് സ്വകാര്യ ട്യൂഷന്‍ നടത്തിപ്പുകാര്‍. ഇത്തരം കേന്ദ്രങ്ങളില്‍ പരിശോധനനടത്താനോ നിയന്ത്രിക്കാനോ യാതൊരു സംവിധാനവുമില്ലാത്തതാണ് ഇവര്‍ക്കനുകൂലമായി ത്തീരുന്നത്. ഫലത്തില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ട്യൂഷന്‍ സെന്ററുകളിലെ ചുവരുകള്‍ക്കുള്ളില്‍ മധ്യവേനലവധിക്കാലം ചിലവഴിക്കപ്പെടേണ്ട അവസ്ഥയിലാണ്.
Next Story

RELATED STORIES

Share it