kozhikode local

ഉത്തരവിന് പുല്ലുവില : ജില്ലാ ആശുപത്രിയിലെ പനി ക്ലിനിക് നോക്കുകുത്തി



വടകര: ആയിരങ്ങള്‍ ദിനം പ്രതി ചികിത്സയ്‌ക്കെത്തുന്ന വടകര ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച പനി ക്ലിനിക് നോക്കുകുത്തി. ക്ലിനിക്കില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പ്രഖ്യാപനം നടത്തുമ്പോഴാണ് ഡ്യൂട്ടി ഡോക്ടര്‍ മാര്‍ തന്നെ ചികില്‍സിക്കാന്‍ തയ്യാറാകാതെ രോഗികളെ വട്ടം കറക്കുന്നത്. ഇന്നലെ 979 രോഗികളാണ് ചികിത്സയ്ക്കായി പനിക്ലിനിക്കിലും, അത്യാഹിത വിഭാഗത്തിലുമായി എത്തിയത്. ഇതില്‍ ഒരാള്‍ക്ക് ഡെങ്കിയും, 26 പേര്‍ക്ക് ശക്തമായ പണിയുള്ളതായും കണ്ടെത്തി. പനിക്ലിനിക്കില്‍ എത്തുന്നവരോട് രോഗത്തെ പറ്റി ചോദിച്ചറിയാന്‍ തന്നെ മടി കാണിക്കുന്ന ലേഡി ഡോക്ടര്‍ തല്‍കാലം ഒരു ദിവസത്തേക്ക് പാരസെറ്റമോള്‍ ഗുളിക നല്‍കി പിറ്റേ ദിവസം ഒപിയില്‍ വരാനാണ് നിര്‍ദ്ദേശ്ശിക്കുന്നത്. പനിയ്ക്കായ് ആരംഭിച്ച ക്ലിനിക്കില്‍ മണിക്കൂറുകളോളം വരി നിന്ന് പനിച്ചു വിറക്കുന്ന രോഗികളെ വട്ടം കറയ്ക്കുന്ന നടപടിയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. അഞ്ചു മണിവരെ പ്രവര്‍ത്തിക്കേണ്ട ഫാര്‍മസിയും, മെഡിക്കല്‍ ലാബുംഉച്ചയ്ക്ക് ഒരു മണിവരെ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. 24 മണിക്കൂറും ഫാര്‍മസിയും, ലാബും പ്രവര്‍ത്തിക്കുമെന്ന അധികൃതരുടെ ഉത്തരവിന് പുല്ലുവിലയാണ് ചില ജീവനക്കാര്‍ കല്‍പ്പിച്ചിരിക്കുന്നത്. ഇതേ സമയം ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ പനി ക്ലിനിക്കില്‍ നാനൂറോളം പേര്‍ ചികിസയ്‌ക്കെത്തി. ഇതില്‍ 40 പേര്‍ക്ക് ശക്തമായ പനിയുള്ളതായി കണ്ടെത്തി.
Next Story

RELATED STORIES

Share it