ഉത്തരവാദി സര്‍ക്കാരെന്ന് അച്യുതാനന്ദന്‍

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദി യുഡിഎഫ് സര്‍ക്കാരാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തി. ജില്ലാകലക്ടര്‍ അനുമതി നിഷേധിച്ച മല്‍സര വെടിക്കെട്ടിന് ജാതിമത സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മൗനാനുവാദം നല്‍കിയത് ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ്. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും നേരിട്ട് ഇടപെടാതെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ച് ഇത്തരമൊരു നിയമലംഘനം നടത്താന്‍ ഒരു ക്ഷേത്രഭാരവാഹിക്കും കഴിയില്ല. ഇതിനു പിന്നില്‍ യുഡിഎഫ് നേതാക്കള്‍ ഇടപെട്ടതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അപകടത്തിനിരയായവര്‍ക്ക് ആവശ്യമായ പുനരധിവാസവും നഷ്ടപരിഹാരവും അടിയന്തരമായി നല്‍കണം. ഉത്തരവാദികളായവര്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള നടപടി എടുക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനിയുണ്ടാക്കുന്ന വെടിക്കെട്ട,് ആന എഴുന്നള്ളിപ്പ് തുടങ്ങിയ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനുള്ള അഭിപ്രായസമന്വയം ഉണ്ടാവണമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it