kannur local

ഉത്തരമേഖലാ സ്‌കൂള്‍ ഗെയിംസ് തുടങ്ങി; ആദ്യദിനം പാലക്കാടിന്റെ മുന്നേറ്റം

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ ഉത്തരമേഖലാ ഗെയിംസ് കണ്ണൂരില്‍ തുടങ്ങി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ആദ്യനാള്‍ തന്നെ പാലക്കാട് മുന്നേറ്റം തുടങ്ങി. പുരുഷ-വനിതാ വിഭാഗത്തിലായി 14, 17 വയസ്സിന് താഴെയുള്ളവരുടെ മല്‍സരങ്ങളാണ് ഇന്നലെ നടന്നത്. ആദ്യദിനത്തിലെ മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ 92 പോയിന്റുമായാണ് പാലക്കാട് മുന്നേറുന്നത്. 81 പോയിന്റോടെ കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. 76 പോയിന്റുകളോടെ തൃശൂര്‍ മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ 68 പോയിന്റുകളുമായി മലപ്പുറം നാലാം സ്ഥാനത്തും 50 പോയിന്റുമായി ആതിഥേയരായ കണ്ണൂര്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്. ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഹാന്റ്‌ബോള്‍, ഹോക്കി, കബഡി, ഖൊ-ഖൊ, ബോള്‍ ബാഡ്മിന്റണ്‍,ടെന്നീസ്, ടേബിള്‍ ടെന്നീസ്, ഷട്ടില്‍, ചെസ് തുടങ്ങിയ ഇനങ്ങളിലാണ് മല്‍സരം. 19 വയസ്സിനു താഴെയുള്ളവരുടെ മല്‍സരങ്ങള്‍ ഇന്ന് തുടങ്ങും.

സംസ്ഥാനതല ചാംപ്യന്‍ഷിപ്പിനു മുന്നോടിയായി നടക്കുന്ന മേഖലാതല ചാംപ്യന്‍ഷിപ്പില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള വനിതാ-പുരുഷ താരങ്ങളാണ് പങ്കെടുക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ആകെ 1995 ആണ്‍കുട്ടികളും 1645 പെണ്‍കുട്ടികളുമാണ് മാറ്റുരയ്ക്കുന്നത്. 14 വയസ്സിനു താഴെയുള്ളവരുടെ സെലക്്ഷന്‍ മാത്രമാണ് നടക്കുന്നത്. ഒന്ന്, രണ്ട്,മൂന്ന് സ്ഥാനക്കാരാണ് സംസ്ഥാന തല മല്‍സരത്തിലേക്ക് അര്‍ഹത നേടുക. ഗെയിംസ് കണ്ണൂര്‍ പോലിസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാ പോലിസ് ചീഫ് പി എന്‍ ഉണ്ണിരാജന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ റവന്യൂജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ വസന്തന്‍ അധ്യക്ഷത വഹിച്ചു. ഡോ. ചാക്കോജോസഫ്, സി എം ബാലകൃഷ്ണന്‍, ഷാജു ജോസഫ്, കെ രമേശന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it