kannur local

ഉത്തരക്കടലാസ് വഴിയോരത്ത് കണ്ടെത്തിയ സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് വിസി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുമെന്ന് വൈസ് ചാന്‍സലര്‍ഗോപിനാഥ് രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിഎ ഇംഗ്ലീഷ് ആറാം സെമസ്റ്റര്‍ ഫിലിം സ്റ്റഡീസ് പരീഷയുടെ ഉത്തരക്കടലാസാണ് പാപ്പിനിശ്ശേരി സ്വദേശി ബി മുഹമ്മദിന് വഴിയോരത്തുനിന്ന് കളഞ്ഞുകിട്ടിയത്. ഇദ്ദേഹം തപാല്‍മാര്‍ഗം കെഎസ്‌യു ഓഫിസിലേക്ക് അയക്കുകയായിരുന്നു.
മാനന്തവാടി ഗവ. കോളജിലെ ഭിന്നശേഷി വിദ്യാര്‍ഥിയായ ടോം കെ ഷാജിയുടെ ജിഎം 14 എഇജിആര്‍ 28 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഉത്തരക്കടലാസാണിത്. മറ്റൊരാളുടെ സഹായത്തോടെയാണ് കുട്ടി പരീക്ഷയെഴുതിയത്. കഴിഞ്ഞ മെയിലായിരുന്നു പരീക്ഷ. ജൂണ്‍ 21ന് ഫലം പ്രഖ്യാപിച്ചു. എന്നാല്‍ പ്രൊജക്റ്റ് റിപോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന കാരണം പറഞ്ഞ് ഈ വിദ്യാര്‍ഥിയുടേതടക്കം ചിലരുടെ പരീക്ഷാഫലം തടഞ്ഞുവച്ചിരുന്നു. ഇതിനിടെയാണ് ഉത്തരക്കടലാസ് കളഞ്ഞുകിട്ടിയത്. എന്നാല്‍ പരീക്ഷയെഴുതിയ 26 പേരുടെയും ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍ ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ സര്‍വകലാശാല വിസിയെ ഉപരോധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു പരാതി നല്‍കിയിരുന്നു.കെഎസ്‌യു പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ഉടന്‍ തന്നെ സര്‍വകലാശാല ഈക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതായി വിസി അറിയിച്ചു. മാനന്താടി ഗവ. കോളജിലേക്ക് ചോദ്യപേപ്പര്‍ ശേഖരിക്കാന്‍ പോയ സര്‍വകലാശാല ഉദ്യോഗസ്ഥനും വാന്‍ ഡ്രൈവറുടെയും പങ്കാളിത്തം ഈക്കാര്യത്തില്‍ സംശയകരമാണ്. മാനന്തവാടി കോളജില്‍ നിന്നു പരീക്ഷകഴിഞ്ഞു ചോദ്യപേപ്പര്‍ കണ്ണൂരിലെ സര്‍വകലാശാല ആസ്ഥാനത്ത് എത്തിയിട്ടില്ല. 23 കെട്ടുകളില്‍ ഒന്നുമാത്രമാണ് നഷ്ടപ്പെട്ടത്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ 28ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു പ്രൊ വൈസ് ചാന്‍സലര്‍ ടി അശോകനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it