World

ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്്്‌

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ഫോണ്‍ സംഭാഷണത്തിനു പൂര്‍ണമായും സന്നദ്ധനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു കൊറിയകളും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ പ്രത്യക്ഷമായ പുരോഗതി ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മേരിലാന്‍ഡിലെ ക്യാംപ് ഡേവിഡില്‍  മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ട്രംപ്.ദക്ഷിണകൊറിയയുമായി രണ്ടുവര്‍ഷമായി മുടങ്ങിക്കിടന്ന ചര്‍ച്ച ഒമ്പതിന് പുനരാരംഭിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് ഉത്തരകൊറിയയുമായി ടെലിഫോണ്‍ സംഭാഷണത്തിനു തയ്യാറാണെന്ന് വ്യക്തമാക്കിയത്. ദക്ഷിണകൊറിയയില്‍ അടുത്തമാസം നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ തങ്ങളുടെ ടീമിനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഉത്തരകൊറിയ ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ സാഹായിക്കുമെന്ന് അഭിപ്രായപ്പെട്ട ട്രംപ് നയതന്ത്ര തല നീക്കത്തിലെ പുരോഗതി തന്റെ നേട്ടമാണെന്നും അവകാശപ്പെട്ടു. തന്റെ സ്ഥിരമായുള്ള സമ്മര്‍ദങ്ങളുടെ ഫലമാണിത്. ഒളിംപിക്‌സിനെക്കുറിച്ചാണ് അവര്‍ ചര്‍ച്ച നടത്തുന്നത്. ഇത് ഒരു നല്ല തുടക്കമാണ്. താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ചര്‍ച്ച നടക്കില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. കിമ്മിനറിയാം താന്‍ വെറുതെ കറങ്ങുകയല്ലെന്ന്. ചര്‍ച്ചകളില്‍ നിന്ന് എന്തെങ്കിലും പുരോഗതിയുണ്ടായാല്‍ അതു ലോകത്തിനും മനുഷ്യകുലത്തിനും വലിയ സംഭവമായിരിക്കും- ട്രംപ് കൂട്ടിച്ചേര്‍ത്തു.  ഉത്തരകൊറിയ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതോടെ മേഖലയില്‍ യുഎസും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയിരുന്ന സൈനികാഭ്യാസം നിര്‍ത്തിവച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it