ഉത്തരകൊറിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ കൂറുമാറി

സോള്‍: മുതിര്‍ന്ന ഉത്തരകൊറിയന്‍ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ കൂറുമാറിയതായി റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അവസാനം വരെ ഉത്തരകൊറിയന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ കേണല്‍ ആയിരുന്നു ഇയാള്‍. തുടര്‍ന്ന് ദക്ഷിണകൊറിയയിലേക്ക് പലായനം ചെയ്ത ഇയാള്‍ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സോളിലെ പ്രതിരോധവിഭാഗത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കൊറിയന്‍ യുദ്ധത്തിനുശേഷം 28000ത്തോളം ജനങ്ങള്‍ ഇത്തരത്തില്‍ രാജ്യം വിട്ടെങ്കിലും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇതാദ്യമായാണ് കൂറുമാറി രാജ്യം വിടുന്നത്. അടുത്തിടെ രാഷ്ട്രീയ നേതാക്കളും ഇത്തരത്തില്‍ കൂറുമാറിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഉത്തരകൊറിയന്‍ നേതാവായ കിം ജോങ് ഉന്നിന്റെ നേതൃത്വത്തോടുള്ള അതൃപ്തിയാണ് നിലവിലെ കൂറുമാറ്റങ്ങള്‍ക്കു കാരണമെന്നാണ് വിലയിരുത്തല്‍. കുറുമാറിയ ഉദ്യോഗസ്ഥനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it