ഉത്തരകൊറിയക്കുമേല്‍ യുഎന്‍ ഉപരോധം: തീരുമാനത്തിനു പിന്നാലെ ഉത്തരകൊറിയ സമുദ്രത്തിലേക്ക് മിസൈല്‍ തൊടുത്തു

പ്യോങ്‌യാങ്: ആണവപരീക്ഷണം നടത്തിയതിനു പിന്നാലെ ഉത്തരകൊറിയക്കുമേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാസമിതിയുടെ തീരുമാനം.
സമിതിയില്‍ ഐകകണ്‌ഠ്യേനയാണ് തീരുമാനം കൈക്കൊണ്ടത്. 20 വര്‍ഷക്കാലത്തിനിടെ ഇതാദ്യമായാണ് യുഎന്‍ ഉത്തരകൊറിയക്കുമേല്‍ ഇത്രയും ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നത്.
യുഎസും ഉത്തരകൊറിയയുടെ പരമ്പരാഗത സഖ്യകക്ഷിയായ ചൈനയും കഴിഞ്ഞ ഏഴ് ആഴ്ചകളായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പുതിയ ഉപരോധമനുസരിച്ച് രാജ്യത്തേക്ക് കൊണ്ടുപോവുന്നതും രാജ്യത്തുനിന്നു കൊണ്ടുവരുന്നതുമായ കപ്പല്‍ചരക്കുകള്‍ ശക്തമായ പരിശോധനകള്‍ക്ക് വിധേയമാക്കും.
16 പുതിയ ആളുകളെയും 12 സംഘടനകളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഉത്തരകൊറിയയില്‍ ആണവപദ്ധതികള്‍ക്കായുള്ള കല്‍ക്കരി, ഇരുമ്പ്, ഇരുമ്പൈര് എന്നിവയുടെ കയറ്റുമതി തടയും. സ്വര്‍ണം, ടൈറ്റാനിയം, വനേഡിയം, അപൂര്‍വയിനം ധാതുക്കള്‍, വ്യോമ ഇന്ധനം എന്നിവയുടെ കയറ്റുമതി നിരോധിക്കും. ഭക്ഷണവും മരുന്നും ഒഴികെ ഉത്തരകൊറിയന്‍ സൈന്യം വികസിപ്പിച്ചെടുക്കുന്ന എല്ലാ ഉല്‍പന്നങ്ങളും നിരോധിക്കും.
വിദേശ സാമ്പത്തിക സ്ഥാപനങ്ങള്‍ ഉത്തരകൊറിയയില്‍ പുതുതായി ഓഫിസുകള്‍ ആരംഭിക്കില്ല. ഉത്തരകൊറിയക്ക് രാജ്യത്തിനുപുറത്ത് ബാങ്കുകള്‍ ആരംഭിക്കാന്‍ സാധിക്കില്ല. ആണവ, മിസൈല്‍ പദ്ധതികളുമായി ബന്ധമുള്ള ഉത്തരകൊറിയയുടെ ഫണ്ടുകള്‍ മരവിപ്പിക്കും. അതിനിടെ യുഎന്‍ പ്രഖ്യാപനമുണ്ടായി മണിക്കൂറുകള്‍ക്കകം ഉത്തരകൊറിയ ആറു ഹ്രസ്വദൂര പ്രൊജക്ടൈലുകള്‍ കടലിലേക്ക് പ്രയോഗിച്ചതായി ദക്ഷിണകൊറിയ പറഞ്ഞു.
ഉപരോധത്തിലുള്ള പ്രതിഷേധമാണ് ഇതിനു കാരണം എന്നും റിപോര്‍ട്ടുകളുണ്ട്. കിഴക്കന്‍ തീരനഗരമായ വോന്‍സാനില്‍ നിന്നാണ് മിസൈല്‍ തൊടുത്തതെന്ന് ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയ വക്താവ് മൂണ്‍ സാങ് ഗ്യുന്‍ അറിയിച്ചു. തൊടുത്തത് മിസൈലുകളോ റോക്കറ്റുകളോ ആവാമെന്നാണ് നിരീക്ഷണം. ജനുവരിയിലാണ് പ്യോങ്‌യാങ് നാലാമത്തെ ആണവപരീക്ഷണം നടത്തിയത്.
Next Story

RELATED STORIES

Share it