ഉത്തരകാശി മാതൃക ഇതര സംസ്ഥാനങ്ങളിലേക്ക്‌

ന്യൂഡല്‍ഹി: കുടിവെള്ളം വഴിയും മാലിന്യ സംസ്‌കരണ പദ്ധതി വഴിയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച ഉത്തരകാശി മാതൃക രാജ്യത്തുടനീളം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. സ്വജല്‍ എന്ന് പേരിട്ട കുടിവെള്ള പദ്ധതി വഴിയും മാലിന്യ സംസ്‌കരണ പദ്ധതി വഴിയും ഉത്തരകാശിയിലെ കൊച്ചുഗ്രാമത്തില്‍ നിരവധി സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതു മുതല്‍ നാണ്യവിളകള്‍ കൃഷി ചെയ്യുന്നതുവരെയുള്ള ജോലികള്‍ സ്ത്രീകള്‍ക്ക് ധനസമ്പാദനത്തിന് വഴിയൊരുക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അഞ്ചു സംസ്ഥാനങ്ങളിലാണ് സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചതെന്ന് കുടിവെള്ള/ശുചീകരണ മന്ത്രാലയ ഡയറക്ടര്‍ യുഗള്‍ കിഷോര്‍ പറഞ്ഞു.
1996-97ല്‍ അന്നത്തെ ഉത്തര്‍പ്രദേശിന്റെയും ഇപ്പോഴത്തെ ഉത്തരാഖണ്ഡിന്റെയും ഭാഗമായ സാദഗ് ഗ്രാത്തിലാണ് സ്വജല്‍ പദ്ധതി ആദ്യമായി തുടങ്ങിയത്. ഗ്രാമവാസികള്‍ക്കാണ് പദ്ധതിയുടെ ചുമതല. കുടിവെള്ളം വീടുകളിലെത്തിക്കാന്‍ ഭൂമി കുഴിച്ച് പൈപ്പുകളിടുന്നതും നാണ്യവിളകള്‍ കൃഷി ചെയ്യുന്നതും ഗ്രാമത്തിലെ സ്ത്രീകളാണ്. വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ച് കമ്പോസ്റ്റ് വളമാക്കുന്നതും അടുക്കളയിലെ മലിനജലം വയലില്‍  ഉപയോഗിക്കുന്നതും അവര്‍ തന്നെ. ഇതേ മാതൃക രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത് പഠിക്കാന്‍ ഉത്തരാഖണ്ഡ് കുടിവെള്ള/ശുചീകരണ മന്ത്രിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it