ഉണ്യാല്‍, പറവണ്ണ സംഘര്‍ഷം: ഡിവൈഎസ്പി ഓഫിസ് ഉപരോധിച്ചു

തിരൂര്‍: ഉണ്യാല്‍ പറവണ്ണയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇടതു എംഎല്‍എമാര്‍ തിരൂര്‍ ഡിവൈഎസ്പി ഓഫിസ് ഉപരോധിച്ചു. എംഎല്‍എമാരായ കെ ടി ജലീല്‍, പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സിപിഎം നേതാക്കളായ ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, തിരൂര്‍ ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി, താനൂര്‍ ഏരിയാ സെക്രട്ടറി ഇ ജയന്‍, വി അബ്ദുറഹ്മാന്‍ എന്നിവരുള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ ഉപരോധസമരത്തില്‍ പങ്കെടുത്തു.
ഇന്നലെ പകല്‍ 12ന് തുടങ്ങിയ സമരം മൂന്നിന് അവസാനിപ്പിച്ചു. പ്രതികളെ ഒരാഴ്ചക്കകം പിടികൂടാമെന്ന് പോലിസ് ഉറപ്പു നല്‍കിയതിനു ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. സംഭവ സമയം പോലിസ് ഫോഴ്‌സ് കുറവായിരുന്നുവെന്ന് ചര്‍ച്ചയില്‍ ഡിവൈഎസ്പി സമ്മതിച്ചു. പോലിസ് സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും പ്രതികളെ നേരില്‍ കണ്ടിട്ടും പിടികൂടിയില്ലെന്നും നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെയാണ് ഉണ്യാലില്‍ ലീഗ്-സിപിഎം സംഘര്‍ഷം നടന്നത്. മൂന്നു മണിക്കൂറോളം നീണ്ട സംഘര്‍ഷത്തില്‍ നിരവധി വീടുകളും കടകളും വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു.അന്ന് ലീഗ് പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി വീട്ടുകാരനേയും കുട്ടിയേയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നും അതിന് തിരിച്ചടിയായാണ് ആക്രമണമെന്നുമാണ് അറിയുന്നത്. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രദേശത്തുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്നാണ് പോലിസ് നിഗമനം. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ചിലര്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it