ഉഡ്താ പഞ്ചാബ്: ഒരു ദൃശ്യം നീക്കിയാല്‍ മതിയെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ഒരു ദൃശ്യം മാത്രം ഒഴിവാക്കി 'ഉഡ്താ പഞ്ചാബ്' സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് ബോംബെ ഹൈക്കോടതി. 13 വിഭാഗങ്ങളിലായി 89 പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിനെതിരേ സിനിമാ നിര്‍മാതാക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി വിധി.
കോടതി നിര്‍ദേശമനുസരിച്ച് ദൃശ്യം ഒഴിവാക്കാമെന്ന് സിനിമാ നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. ചിത്രത്തിലെ നായകന്‍ ഷാഹിദ് കപൂര്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ദൃശ്യമാണ് ഒഴിവാക്കാന്‍ കോടതി നിര്‍ദേശിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സെന്‍സര്‍ ബോര്‍ഡിന് അവകാശമില്ല. സിനിമ കാണണോ വേണ്ടയോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.
സിനിമയില്‍ ഒരിടത്തും ലഹരി മരുന്നുപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല-കോടതി നിരീക്ഷിച്ചു. സിനിമയിലെ പഞ്ചാബ്, തിരഞ്ഞെടുപ്പ്, എംഎല്‍എ, എംപി തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശവും കോടതി തള്ളി. ഇന്ത്യയുടെ പരമാധികാരത്തിനോ ദേശീയതയ്‌ക്കൊ സിനിമ യാതൊരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ലെന്നും കോടതി പറഞ്ഞു.
ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ അനുരാഗ് കാശ്യപാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഷാഹിദ് കപൂറിനെക്കൂടാതെ കരീന കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായി ചിത്രത്തിന്റെ സംവിധായകന്‍ അഭിഷേക് ചൗബി പറഞ്ഞു.
Next Story

RELATED STORIES

Share it