kozhikode local

ഉടുമ്പിറങ്ങി മലയില്‍ വീണ്ടും ഖനനം തുടങ്ങാന്‍ നീക്കം

നാദാപുരം: വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡിവൈഎഫ്‌ഐ കൊടി നാട്ടിയ വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ വീണ്ടും ഖനനം തുടങ്ങാന്‍ നീക്കം . കൃഷി നടത്താനെന്ന പേരില്‍ പ്രദേശത്തു നിര്‍മാണ പ്രവര്‍ത്തനം നടന്നുവരികയാണിപ്പോള്‍. പ്രദേശത്തേക്കുള്ള റോഡിന്റെയും ക്രഷര്‍ സ്ഥാപിക്കുന്നതിന്റെയും പ്രവൃത്തികളാണിപ്പോള്‍ നടക്കുന്നത്.രണ്ടു വര്‍ഷം മുന്‍പ് ഉടുമ്പിറങ്ങി മലയില്‍ ഖനനം നടത്താനായി  ജില്ലയിലെ മുക്കം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘം നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് ഡി വൈഎഫ്‌ഐ കൊടി നാട്ടിയത്.
തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേത്രത്വത്തില്‍ നടന്ന സമരത്തിന് ടി വി രാജേഷ് എംഎല്‍എ ആയിരുന്നു നേതൃത്വം നല്‍കിയിരുന്നത്. പിന്നീട് നിര്‍മാണ പ്രവര്‍ത്തനം  നിലയ്ക്കുകയായിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങളായി ഉടുമ്പിറങ്ങി മലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നുവരികയാണ്. ഇവിടെ കൃഷി നടത്താനുള്ള പണികളാണ് നടക്കുന്നതെന്നാണ് നാട്ടുകാരോട് പറഞ്ഞിട്ടുള്ളത്. പക്ഷേ കൃഷിക്കാവശ്യമായ പണികളൊന്നുമല്ല ഇവിടെ നടക്കുന്നതെന്നാണറിയുന്നത്.
നേരത്തേ ക്രഷര്‍ സ്ഥാപിക്കാനായി കണ്ടെത്തിയ സ്ഥലത്തു  പത്തു സെന്റോളം മണ്ണ് നീക്കി നിരപ്പാക്കിയിട്ടുണ്ട്. കൃഷിക്ക് മേല്‍മണ്ണ് ആവശ്യമായിരിക്കെ മുഴുവന്‍ മണ്ണും നീക്കിയത് സമീപവാസികളില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്കുള്ള റോഡ് മണ്ണും കല്ലുകളുമിട്ട് ഗതാഗത യോഗ്യമാക്കിയിട്ടുമുണ്ട്. പന്ത്രണ്ടു സെന്റ് സ്ഥലത്തു കൃഷി ചെയ്യാന്‍ വന്‍ തുക മുടക്കി റോഡ് നിര്‍മിക്കുകയാണെന്നതും അവിശ്വസനീയമാണെന്നു നാട്ടുകാര്‍ പറയുന്നു.ഏകദേശം അറുപത് ഏക്കര്‍ സ്ഥലം കൈവശപ്പെടുത്തിയ സംഘമാണ് ഇവിടെ ഖനനത്തിന് നേതൃത്വം കൊടുക്കുന്നത്.
വന്‍ തുക മുടക്കിയ പ്രദേശത്തു നിന്നും ലാഭം ലഭിക്കാത്ത കൃഷിയുടെ പേരില്‍ ജനശ്രദ്ധ മാറ്റി ഖനനത്തിന് അനുമതി നേടാനാണ് ഇവര്‍ ശ്രമിക്കുന്നത്. പ്രദേശത്തെ ഒരു സിപിഎം പ്രവര്‍ത്തകനെ മുന്നില്‍ നിര്‍ത്തിയാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടന്നുവരുന്നത്. പ്രാദേശികമായ എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണത്രെ  ഇത്.അതേസമയം ഉടുമ്പിറങ്ങി മലയില്‍ കരിങ്കല്‍ ഖനനം നടത്താനുള്ള ഭൂമാഫിയയുടെ ശ്രമം എന്ത് വിലകൊടുത്തും തടയുമെന്നു യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ ക്വറി വിരുദ്ധ സമരത്തിന്റെ ഭാഗമായി കൊടി നാട്ടിയ സ്ഥലത്തു ഖനനം അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതാവ് കെ പി രാജനും പറഞ്ഞു.
നിലവില്‍ അവിടെ കൃഷിപ്പണികളാണ് നടക്കുന്നതെന്നും ഖനനത്തിനുള്ള പണി ആരംഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖനനാം നടത്താന്‍ പഞ്ചായത് ലൈസന്‍സ് അനുവദിച്ചിട്ടില്ലെങ്കിലും വ്യവസായ വകുപ്പ് അദാലത്ത് വഴി ലൈസന്‍സ് സംഘടിപ്പിക്കാന്‍ ഖനന മാഫിയക്ക് കഴിയും. എന്നാല്‍ പരിസ്ഥിതി ലോല പ്രദേശങ്ങളിലല്ലാത്ത എല്ലാ ഖനനവും അനുവദിക്കുവാനുള്ള നീക്കം ഉന്നത തലങ്ങളില്‍നടക്കുന്നുണ്ടത്രേ .
Next Story

RELATED STORIES

Share it