kozhikode local

ഉടുമ്പിറങ്ങി മലയിലെ ഖനനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനം

നാദാപുരം: വാണിമേല്‍ ഗ്രാമപ്പഞ്ചായത്തിലെ വിലങ്ങാട് പ്രദേശത്ത് സ്ഥിതിചെയ്യുന്ന വിവാദമായ ഉടുമ്പിറങ്ങി മലയിലെ ഖനനം റദ്ദ് ചെയ്യാനും ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനും വാണിമേല്‍ ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഖനന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചത്. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ളതും പശ്ചിമഘട്ടത്തിലെ വയനാടുമായി തൊട്ടുരുമ്മി നില്‍ക്കുന്നതുമായ പ്രദേശമാണ് ഉടുമ്പിറങ്ങി മല. ഖനനാനുമതി നല്‍കിയാല്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകരുമെന്ന് ചൂണ്ടിക്കാട്ടി യുവജന സംഘടനകള്‍ സമരരംഗത്താണ്. കഴിഞ്ഞ വര്‍ഷം ഖനനത്തിന് അനുമതി നല്‍കിയപ്പോള്‍ തന്നെ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. മാവോവാദി ഭീഷണിയും കൂടിയായതോടെ ഖനനാനുമതി നല്‍കരുതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് വാണിമേല്‍ ഗ്രാമപ്പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, 200 ഏക്കറോളം വരുന്ന ഉടുമ്പിറങ്ങി മലയിലെ ഖനനത്തിന് സ്വകാര്യ കമ്പനി ഹൈക്കോടതിയില്‍ നിന്നും ഖനനാനുമതി വാങ്ങുകയായിരുന്നു. യോഗത്തില്‍ വാണിമേല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ പി ജയന്‍ അധ്യക്ഷത വഹിച്ചു. സിപിഎമ്മിനെ പ്രതിനിധീകരിച്ച് സി പ്രദീപ് കുമാര്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ പി രാജന്‍, കോണ്‍ഗ്രസ് പ്രതിനിധി പി ആന്റണി, ബിജെപിയിലെ മാമ്പറ്റ ബാലന്‍, ജനതാദള്‍ എസ്സിലെ മജീദ് മങ്ങാട്, യൂത്ത് കോണ്‍ഗ്രസ്സ് പ്രതിനിധി കെ സി പ്രകാശന്‍, പഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ നിന്ന് മുസ്‌ലിംലീഗ് വിട്ടുനിന്നു.
Next Story

RELATED STORIES

Share it