Idukki local

ഉടുമ്പന്‍ചോല താലൂക്കില്‍ കനത്ത മഴ; വ്യാപക നാശം

സ്വന്തം പ്രതിനിധി

നെടുങ്കണ്ടം: അപ്രതീക്ഷിത മഴയില്‍ വിറങ്ങലിച്ച് ഉടുമ്പന്‍ചോല താലൂക്ക്. മേഘവിസ്‌ഫോടനമെന്നാണ് പ്രാഥമിക നിഗമനം. താലൂക്കില്‍ കൂക്കിലിയാര്‍, മാന്‍കുത്തിമേട്, കോമ്പയാര്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. മേഖലയില്‍ മഴ തുടരുകയാണ്. 20 ഇടങ്ങളിലായി മണ്ണിടിച്ചില്‍ ഉണ്ടാവുകയും നാല് വീടുകള്‍ ഭാഗീകമായി തകരുകയും ചെയ്തിട്ടുണ്ട്. ലക്ഷകണക്കിന് രൂപയുടെ കൃഷിനാശമാണ് മേഖലയില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കല്ലാര്‍ ഡാം നിറഞ്ഞതോടെ എതു നിമിഷവും തുറന്നുവിടുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടുമ്പന്‍ചോല താലൂക്കില്‍ ആറരമണിക്കൂറാണ് ശക്തമായ മഴ പെയ്തത്.  ഇന്നലെ രാത്രി 12നു ആരംഭിച്ച മഴയുടെ ശക്തി ഒരല്‍പം കുറഞ്ഞത് രാവിലെ ആറരയോടടുത്താണ് ഉടുമ്പന്‍ചോല കൂക്കിലിയാര്‍, മാന്‍കുത്തിമേട്, കോമ്പയാര്‍ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക ക്യഷിനാശമാണ് ഉണ്ടായത്.  റവന്യൂ, പൊലീസ്, പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കനത്ത മഴയില്‍ മേഖലയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ നൂറുകണക്കിനു കര്‍ഷകരുടെ കൃഷിയിടം വെള്ളത്തിലായി. കൂക്കിലായര്‍, മേലെചെമ്മണ്ണാര്‍ എന്നിവിടങ്ങളില്‍ അമ്പതിലധികം വീടുകളില്‍ വെള്ളം കയറി. ഉടുമ്പന്‍ചോല മേഖലയില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മേലേ ചെമ്മണ്ണാറ്റില്‍ വിളവിറക്കിയ പത്ത് ഏക്കറോളം വരുന്ന നെല്‍പാടം വെള്ളത്തിനടിയിലായി. ഗ്രാമപ്രദേശങ്ങളിലെ പുഴകള്‍ കരകവിഞ്ഞതോടെ നിരവധി പ്രദേശങ്ങള്‍ ഇപ്പോള്‍ ഒറ്റപെട്ട അവസ്ഥയിലാണ്. ഇന്നലെ രാവിലെ ഏഴരയോടെ കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ ഉടുമ്പന്‍ചോലയ്ക്ക് സമീപം നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു. മണിക്കൂറുകളോളം മേഖലയിലെ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും റവന്യൂ പൊലീസ് വിഭാഗങ്ങള്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് റോഡിലെ മണ്ണ് നീക്കം ചെയ്തത്.  ഗ്രാമ പ്രേദേസങ്ങളില്‍ വൈദ്യൂതി ബന്ധം തകരാറിലായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് വൈദ്യൂതി ബന്ധം പുനസ്ഥാപിച്ചത്. കല്ലാര്‍ ഡാം ഏതു നിമിഷവും ഇനി തുറന്നു വിട്ടേക്കാം എന്ന അവസ്ഥയില്‍ ആണ്. അഞ്ച് മണിക്കൂര്‍ കൊണ്ട് കല്ലാര്‍ ഡാമിന്റെ ജലനിരപ്പ് 823 സെന്റീമീറ്റര്‍ എത്തിയിരിക്കുകയാണ്. കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരെത്തി ഡാം തുറന്നുവിടുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും തുറക്കുന്നതിനു മുന്നോടിയായി ഡാമിലെ യന്ത്രഭാഗങ്ങള്‍  പരിശോധിച്ച് തകരാറുകള്‍ പരിഹരിക്കുകയും ചെയ്തു. ഇന്നലെ രാവിലെ പത്തരയോടെ ജലനിരപ്പ് ഒരടിയോളം കുറഞ്ഞു. അപ്രതീക്ഷതമായ പെയ്ത മഴയില്‍ റവന്യൂ, താലൂക്ക്, പൊലീസ് വിഭാഗങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ ഇന്നലെ ഉച്ചയോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി.  കേരളതമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖല കേന്ദ്രീകരിച്ച പെയ്ത മഴയില്‍ വനമേഖലയില്‍ നിരവധി സ്ഥലങ്ങളില്‍ മലയിടിച്ചിലും, ഉരുള്‍പൊട്ടലുമുണ്ടായി. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം കല്ലാര്‍ ഡാമിനു സമീപം ക്യാംപ് ചെയ്യുകയാണ്. നെടുങ്കണ്ടം- കമ്പംമെട്ട് റോഡില്‍ ഇന്നലെ പുലര്‍ച്ചെ മരം വീണതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കല്ലാര്‍ ഡാം പരിസരത്ത് താമസിക്കുന്ന തീരദേശ വാസികള്‍ക്ക് റവന്യൂ, കെഎസ്ഇബി വിഭാഗങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it