Idukki local

ഉടുമ്പന്‍ചോല താലൂക്കിലെ 16 പേര്‍ക്ക് കൈവശാവകാശ രേഖ

നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കിലെ പത്ത് ചെയിന്‍ മേഖലകളിലെ 2000 പേര്‍ക്ക് പട്ടയം നല്‍കാനും താലൂക്കിലെ 16 പേരുടെ ഭൂമിക്ക് കൈവശാകാശരേഖ നല്‍കാനും താലൂക്ക് ലാന്‍ഡ് അസൈന്‍മെന്‍ഡ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. നെടുങ്കണ്ടം മിനി സിവില്‍ സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം മൂന്നിനു ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. മന്ത്രി എം എം മണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പത്ത് ചെയിന്‍ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. സര്‍വേ നടപടികള്‍ പൂര്‍ത്തിയായിരിക്കുന്ന 2000 പേരുടെ പട്ടയങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യണമെന്ന് മന്ത്രി തഹസില്‍ദാര്‍ക്ക് താലൂക്ക് വികസന സമിതിയോഗത്തില്‍ നിര്‍ദേശം നല്‍കി. ഇതോടെ മേഖലയിലെ പട്ടയം വിതരണ നടപടികള്‍ വേഗത്തിലാക്കിയതായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ അറിയിച്ചു. താലൂക്കിലെ ത്രിതല പഞ്ചായത്തുകള്‍ വിവിധ ഭവനപദ്ധതികളുടെ ഭാഗമായി 33 നിര്‍ധനരായ കുടുബംങ്ങള്‍ക്ക് വീട് വച്ചുനല്‍കുന്നതിനായി ലാന്‍ഡ് അസൈന്‍മെന്‍ഡ് കമ്മിറ്റിയെ സമീപിച്ചിരുന്നു. 33 അപേക്ഷകരില്‍ 16 പേര്‍ക്ക് കൈവശാവകാശ രേഖ നല്‍കുന്നതിനു യോഗം തീരുമാനിച്ചു. ബാക്കിയുള്ളവരുടെ അപേക്ഷകളില്‍ പരിശോധന നടത്തിയശേഷം കൈവശാവകാശ രേഖ വിതരണം ചെയ്യും. ലാന്‍ഡ് അസൈന്‍മെന്‍ഡ് കമ്മിറ്റി യോഗത്തിനുശേഷം താലൂക്ക് വികസന സമിതിയോഗവും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഉടുമ്പന്‍ചോല താലൂക്കില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ്, ലോട്ടറി ഓഫിസ്, എംപ്ലോയിമെന്റ് എക്‌സേഞ്ച്, സിവില്‍ കോടതി എന്നിവ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം എം മണി അറിയിച്ചു. സിവില്‍ കോടതി ആരംഭിക്കുന്നതിനു മുന്നോടിയായി നെടുങ്കണ്ടത്ത് 20 കോടി രൂപ മുതല്‍മുടക്കില്‍ കോടതി കോംപ്ലക്‌സ് നിര്‍മിക്കും. നെടുങ്കണ്ടത്തെ കോടതികള്‍ ഒരു കുടക്കീഴിലെത്തിക്കുന്നതിനാണ് കോടതി കോംപ്ലക്‌സ് നിര്‍മാണം. നെടുങ്കണ്ടത്ത് സിവില്‍ കോടതി ആരംഭിക്കുന്നതിനെതിരെ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നതായും താലൂക്ക് വികസന യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പഴയ താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ സ്റ്റാസ്റ്റിക്കല്‍ ഓഫിസ് ആരംഭിക്കുന്നതിനു വകുപ്പ് ഡയറക്ടറെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി.
Next Story

RELATED STORIES

Share it