Idukki local

ഉടുമ്പന്നൂരില്‍ ഫുട്‌ബോള്‍ കളിയെച്ചൊല്ലിയുണ്ടായ തര്‍ക്കം : മധ്യവയസ്‌കനും മകനും മര്‍ദനം; യുവാവ് അറസ്റ്റില്‍



തൊടുപുഴ: ഉടുമ്പന്നൂര്‍ പാറേക്കവലയില്‍ വച്ച് പിതാവിനും മകനും ക്രൂര മര്‍ദനം. സംഭവത്തില്‍ യുവാവിനെ കരിമണ്ണൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഉടുമ്പന്നൂര്‍ പാറേക്കവല തട്ടാംപറമ്പില്‍ സലീമിന്റെ മകന്‍ തൗഫീക്കാ(24)ണ് പിടിയിലായത്. പരിക്കേറ്റ ഉടുമ്പന്നൂര്‍ കുന്നത്ത് അബ്ദുല്‍ അസീസ് (58), മകന്‍ സിയാദ് (28) എന്നിവരെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4.50നാണ് സംഭവം. കഴിഞ്ഞ ദിവസം ഉടുമ്പന്നൂരില്‍ നടന്ന ഫുട്‌ബോള്‍ കളിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സിയാദിനെ തൗഫീക്ക് ഭീഷണിപ്പെടുത്തിയിരുന്നു. മെഡിക്കല്‍ റെപ്രസെന്റേറ്റീവായ സിയാദ് ഇന്നലെ വൈകീട്ട് 4.50ന് ജോലി കഴിഞ്ഞ് മങ്കഴിയിലുള്ള വീട്ടിലേക്കു പോവുന്നവഴി തൗഫീക്ക് തടഞ്ഞുനിര്‍ത്തി ചീത്ത വിളിച്ചു.സംഭവം അറിഞ്ഞ്  സ്ഥലത്തെത്തിയ അസീസും സിയാദും തൗഫീക്കിന്റെ പിതാവിനോട് പരാതി പറയുന്നതിനിടയില്‍ വീട്ടില്‍ നിന്നും വെട്ടുകത്തിയുമായി തൗഫീക്ക് ഇവരെ അക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഒഴിവായി. അസീസും, സിയാദും വീട്ടിലേക്ക് പോകുന്ന വഴി അസീസിന്റെ പിന്നിലൂടെയെത്തിയ തൗഫീക്ക് കോടാലി കൈകൊണ്ട് അടിച്ചെങ്കിലും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എന്‍. സീതി തടഞ്ഞതിനാല്‍ അസീസ് ഭാഗ്യം കൊണ്ട് രക്ഷപെടുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തൗഫീക്കിനെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസ് നിലവിലുണ്ട്. സംഭവ സ്ഥലത്ത് എത്തിയ വന്‍ ജനക്കൂട്ടം പ്രതിക്ക് യാതൊരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് പോലിസിനോട് അഭ്യര്‍ത്ഥിച്ചു.കരിമണ്ണൂര്‍ എസ്.ഐ ക്ലീറ്റസ് ജോസഫ് , എസ്.ഐ തങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ രക്ഷപെടുത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി.
Next Story

RELATED STORIES

Share it