wayanad local

ഉടമ്പടി വ്യവസ്ഥകള്‍ പാലിച്ചില്ലെന്നു പരാതി : ബാണാസുരസാഗര്‍ അണയ്ക്ക് വേണ്ടി കുടിയൊഴിഞ്ഞവര്‍ ഇന്ന് ഒരുമിക്കുന്നു



കല്‍പ്പറ്റ: കുടിയേറിയ മണ്ണില്‍ വര്‍ഷങ്ങളോളം ഒരുമനസ്സോടെ ജീവിച്ചതിന്റെ ഓര്‍മ പുതുക്കാന്‍ ഒരു ഒത്തുചേരല്‍. ബാണാസുരസാഗര്‍ പദ്ധതിക്കുവേണ്ടി മൂന്നു പതിറ്റാണ്ടുകള്‍ മുമ്പ് തരിയോട് പഞ്ചായത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കൃഷിഭൂമികളില്‍നിന്ന് ഒഴിഞ്ഞുപോയ കുടുംബങ്ങളിലെ അംഗങ്ങളാണ് ഒരിക്കല്‍ക്കൂടി വീണ്ടും കാണുന്നതിനും സൗഹൃദം പുതുക്കുന്നതിനും ഒത്തുചേരുന്നത്. തരിയോട് പത്താംമൈല്‍ എസ്എഎല്‍പി സ്‌കൂള്‍ മൈതാനിയില്‍ ഇന്നുരാവിലെ 10നാണ് തരിയോട് പൂര്‍വനിവാസികളുടെ കുടുംബസംഗമം. ആദിവാസികളും വിവിധ മതവിഭാഗങ്ങളില്‍പെട്ട കര്‍ഷകരും തൊഴിലാളികളും കച്ചവടക്കാരും ഒരു മാലയില്‍ കോര്‍ത്ത പൂക്കള്‍ പോലെ കഴിഞ്ഞിരുന്ന പ്രദേശമാണ് തെക്കേ വയനാട്ടിലെ തരിയോട്. തിരുവതാംകൂറില്‍ നിന്നുള്ള കര്‍ഷകരും തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള കച്ചവടക്കാരുമായിരുന്നു തരിയോട്ടെ ചരിത്രമുറങ്ങുന്ന മണ്ണില്‍ കുടിയേറിയവരില്‍ അധികവും. കുടിയേറ്റ കര്‍ഷകരുടെ കൈയ്‌മെയ് മറന്നുള്ള അധ്വാനം കാടുപിടിച്ചുകിടന്ന മണ്ണിനെ പൊന്നുവിളയുന്ന ഭൂമിയാക്കി. കാര്‍ഷിക സമൃദ്ധിയുടെ ഫലം തരിയോടുകാര്‍ അനുഭവിച്ചുവരുന്നതിനിടെയായിരുന്നു ബാണാസുരസാഗര്‍ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ജലസേചനവും വൈദ്യുതി ഉല്‍പാദനവും ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത ഈ പദ്ധതിക്കു വേണ്ടി ജനവാസമുള്ള 1306.73 ഹെക്റ്റര്‍ സ്ഥലവും 223.4 ഹെക്റ്റര്‍ വനവും 46 ഹെക്റ്റര്‍ റവന്യൂ ഭൂമിയുമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭൂമിക്കും കുഴിക്കൂര്‍ ചമയങ്ങള്‍ക്കും വിലയും നഷ്ടപരിഹാരവും നിശ്ചയിച്ച് സ്ഥലമെടുപ്പ് തുടങ്ങിയ മുറയ്ക്ക് കുടുംബങ്ങള്‍ ഒന്നൊന്നായി തരിയോടിനോട് വിടപറഞ്ഞു. അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയായതോടെ അന്നത്തെ തരിയോട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളില്‍പെട്ട തരിയോട്, കുമ്പളവയല്‍, ചൂരാണി, പൂളക്കണ്ടി, പെരുന്തട, വട്ടം, കുറ്റിയാംവയല്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് 1,162 കുടുംബങ്ങളാണ് ഒഴിഞ്ഞുപോയത്. മെച്ചപ്പെട്ട ഭൂവിലയും നഷ്ടപരിഹാരവും ലഭിച്ചില്ലെന്ന പരിഭവവും പേറിയാണ് ഈ കുടുംബങ്ങളില്‍ ഏറെയും കുടിയേറ്റഭൂമിയില്‍ നിന്നു യാത്രതിരിച്ചത്. ദുരിതങ്ങള്‍ സഹിച്ച് ജില്ലയ്ക്ക് അകത്തും പുറത്തുമായി ജീവിതം പറിച്ചുനാട്ടിയവരെല്ലാം തന്നെ പഴയ തരിയോട്ടുകാര്‍ എന്ന വികാരം ഉള്ളില്‍ കൊണ്ടുനടന്നു. ഇതാണ് കുടിയിറങ്ങി മൂന്നു ദശകങ്ങള്‍ക്കു ശേഷമുള്ള, തരിയോട് പൂര്‍വനിവാസികളുടെ കുടുംബസംഗമത്തിനു വഴിയൊരുക്കിയത്. 251 അംഗ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് കുടുംബസംഗമത്തിന് ഒരുക്കം. പൂര്‍വനിവാസികളില്‍ 90 ശതമാനത്തെയും നേരിട്ടും ഫോണ്‍ ചെയ്തും പത്രങ്ങളിലൂടെയും സാമൂഹിക മാധ്യങ്ങളിലൂടെയും വിവരം അറിയിച്ചതായി സംഘാടക സമിതി ഭാരവാഹികളായ എം പി മുസ്തഫ, കെ ജി പുരുഷോത്തമന്‍ മാസ്റ്റര്‍, കെ എന്‍ ഗോപിനാഥന്‍, കുഞ്ഞമ്മദ് മേച്ചേരി, സി കൃഷ്ണന്‍, പൂച്ചക്കുഴി കുഞ്ഞൂഞ്ഞ്, മുഹമ്മദലി അയാത്ത് എന്നിവര്‍ പറഞ്ഞു. പൂര്‍വനിവാസികളില്‍ ജീവിച്ചിരിക്കുന്നവരും പിന്മുറക്കാരുമായി കുറഞ്ഞത് ആയിരം പേര്‍ സംഗമത്തിന് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സംഗമത്തില്‍ പങ്കാളികളാവുന്നവര്‍ക്ക് ഭക്ഷണവും വിദൂരദിക്കുകളില്‍നിന്നു വരുന്നവര്‍ക്ക് താമസസൗകര്യവും ഒരുക്കുന്നുണ്ട്. രാവിലെ ഒമ്പതിനു സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന സംഗമം ഉച്ചകഴിഞ്ഞ് മൂന്നിനു സമാപിക്കുന്ന വിധത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓര്‍മപുതുക്കല്‍, വിശിഷ്ട വ്യക്തികളെ ആദരിക്കല്‍, കലാപരിപാടികള്‍ എന്നിവ പരിപാടിയുടെ ഭാഗമാണ്. തരിയോട് എസ്എ എല്‍പി സ്‌കൂളിലെ ആദ്യ പ്രധാനാധ്യാപിക പത്മാവതി ആലുപുറം, അധ്യാപകന്‍ കുട്ടന്‍ മാങ്ങാട്ടില്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം പി മുസ്തഫ, കെ ജി പുരുഷോത്തമന്‍ മാസ്റ്റര്‍, പൂര്‍വനിവാസികളിലെ ജനപ്രതിനിധികളായ ടി പി നാസര്‍, കെ പി ശശികുമാര്‍, എം പി നൗഷാദ്, ആന്‍സി ജോസഫ്, ജോയ്‌സി ഹരികുമാര്‍, കെ അച്ചപ്പന്‍, കെ വി രാജന്‍ തുടങ്ങി 20 പേരെയാണ് ആദരിക്കുന്നത്.  ബാണാസുരസാഗര്‍ അണയിലെ ജലം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനത്തിലൂടെ ഓരോ വര്‍ഷവും അനേകം കോടി രൂപയുടെ ലാഭമാണ് വൈദ്യുതി ബോര്‍ഡിനു ലഭിക്കുന്നത്. എങ്കിലും പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് നടപടികളുടെ ഭാഗമായി അന്നത്തെ വൈദ്യുതി മന്ത്രിയും എംഎല്‍എയും തരിയോട് പഞ്ചായത്ത് പ്രസിഡന്റും ഒപ്പുവച്ച കരാറിലെ വ്യവസ്ഥകളെല്ലാം പ്രാവര്‍ത്തകമായിട്ടില്ല. പൂര്‍വനിവാസികളുടെ വീടുകളില്‍ സൗജന്യ വൈദ്യുതി ഉള്‍പ്പെടെ ഉടമ്പടി വ്യവസ്ഥകള്‍ പാലിക്കണമെന്നു കുടുംബസംഗമം വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെടുമെന്നു സംഘാടകര്‍ പറഞ്ഞു. ബാണാസുരസാഗര്‍ ജലവൈദ്യുതി പദ്ധതിയിലെ ഒഴിവുകളില്‍ നിയമനത്തിനു പൂര്‍വനിവാസികളുടെ പിന്മുറക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കും.
Next Story

RELATED STORIES

Share it