kozhikode local

ഉച്ചയ്ക്ക് മുമ്പുതന്നെ പോളിങ് ശതമാനം കൂടി

കോഴിക്കോട്: കുടിവെള്ളവും അഴിമതിയും ബീഫും സോളാറും ബാറും പിന്നെ മുന്നണികളിലെ പടല പിണക്കങ്ങളുമെല്ലാമായി നൂറായിരം പ്രശ്്‌നങ്ങള്‍ക്കൊടുവില്‍ കൊടുമ്പിരികൊണ്ട വിലക്കയറ്റവും കൂടിച്ചേര്‍ന്ന് ജീവിതം ദുഷ്‌കരമാക്കിയിട്ടും ജനാധിപത്യ പ്രക്രിയയില്‍ ജനം ആവേശപൂര്‍വം പങ്കാളികളായി.സാധാരണ ഉച്ചയ്ക്ക് മുമ്പ് പലയിടങ്ങളിലും കുറഞ്ഞ ശതമാനം മാത്രം സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതില്‍ നിന്നും വ്യത്യസ്തമായി ഉച്ചയ്ക്ക് മുമ്പുതന്നെ ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ വോട്ടിങ് ശതമാനം.

ഒളവണ്ണ പഞ്ചായത്തിലെ കൂടത്തും പാറ ഗവ. എല്‍പി സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ രാവിലെ പത്തുവരെ 30.38 ശതമാനമായിരുന്നു വോട്ടു ചെയ്തവര്‍. 1031 വോട്ടര്‍മാരുള്ള ബൂത്തില്‍ 320 പേരെത്തി വോട്ടു ചെയ്തു. സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ പിറന്ന രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് സ്‌കൂളില്‍ 11.15 ആയപ്പോള്‍ 964 വോട്ടില്‍ 342 വോട്ടു രേഖപ്പെടുത്തി 35 ശതമാനത്തിലെത്തി നില്‍ക്കുകയായിരുന്നു.

ആദ്യമായി പഞ്ചായത്തില്‍ നിന്നും മുനിസിപ്പാലിറ്റിയായി ഉയര്‍ന്ന രാമനാട്ടുകരയില്‍പ്പെട്ട കരിങ്കല്ലായി മേലെവാരത്തെ വെനേറനി  ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഏര്‍പ്പെടുത്തിയ ബൂത്തില്‍ ഏറെ തണുത്ത പ്രതികരണമാണ് കണ്ടത്.
ഉച്ച ഒന്നേകാല്‍മണിയോടെ ബേപ്പൂര്‍ ഗവ. യുപി സ്‌കൂള്‍ (സൗത്ത്) കോഴിക്കോട് കോര്‍പറേഷന്‍ 48ാം വാര്‍ഡ് ബൂത്തില്‍ വോട്ടിങ് ശതമാനം 57ഉം, 60 ശതമാനം പിന്നിട്ടു. ഇവിടത്തെ ആദ്യ ബൂത്തില്‍ 1050 മൊത്തം വോട്ടര്‍മാരില്‍ 607 പേര്‍ വോട്ട് ചെയ്തു. രണ്ടാമത്തെ ബൂത്തില്‍ അതുപോലെ 1058 വോട്ടാണുള്ളത്. ഇതില്‍ 642 പേരെത്തി വോട്ടു ചെയ്തു.

തുലാവര്‍ഷം കനത്തതോടെ ഉച്ചകഴിഞ്ഞാല്‍ മഴ കനത്തു പെയ്യുമെന്ന പ്രവചനമുണ്ടായതാണ് പലയിടത്തും വോട്ടര്‍മാര്‍ രാവിലെ തന്നെ ബൂത്തുകളിലേക്ക് പ്രവഹിച്ചതെന്നാണ് പറയുന്നത്. മുസ്്‌ലിം ഭൂരിപക്ഷപ്രദേശമായ കുറ്റിച്ചിറ, മുഖദാര്‍ വാര്‍ഡുകളിലെ വോട്ടര്‍മാര്‍ പതിവുപോലെ വോട്ട് ചെയ്യുന്ന കാര്യത്തില്‍ മുന്നില്‍തന്നെയാണെന്ന് വേണം കരുതാന്‍. പരപ്പില്‍ എംഎം ഹൈസ്‌കൂളിലെ കോര്‍പറേഷന്‍ വാര്‍ഡ് 58 (കുറ്റിച്ചിറ) 57 (മുഖദാര്‍) ബൂത്തുകളില്‍ ഉച്ച 2.30 ന് രേഖപ്പെടുത്തിയ വോട്ടിങ് നില 56.43 ശതമാനവും 56.97 ശതമാനവും ആയിരുന്നു. കുറ്റിച്ചിറ വാര്‍ഡിലെ ബൂത്തില്‍ 932 വോട്ടര്‍മാരില്‍ 526 പേരും മുഖദാറിലെ 918 പേരില്‍ 523 പേരുമാണ് ഉച്ചക്ക് രണ്ടരയാകുമ്പോഴേക്കും വോട്ട് ചെയ്ത് മടങ്ങിയത്.

പോളിങ് സ്‌റ്റേഷന്‍ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ‘യഥാര്‍ഥ വോട്ടിന്റെ ശക്തി’ കണ്ടത് പയ്യാനക്കലില്‍ തന്നെ. സ്ത്രീ പുരുഷ ഭേദമെന്യേ ഏതോ ഉല്‍സവം കൂടാനുള്ളതുപോലെ ആവേശം ഒട്ടും ചോരാതെയുള്ള പ്രവാഹമായിരുന്നു പയ്യാനക്കല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക്. കനത്ത പോലിസ് കാവലുണ്ടായിട്ടും സ്‌കൂളിനകത്തെ മുറ്റത്ത് വോട്ടര്‍മാരുടെ യഥാര്‍ഥ തിക്കും തിരക്കും തന്നെ അനുഭവപ്പെട്ടു. ഇടുങ്ങിയ റോഡില്‍ പലപ്പോഴായി ഗതാഗത തടസം കൂടി അനുഭവപ്പെട്ടപ്പോള്‍ സ്ഥലം ഉല്‍സവപറമ്പായി. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുടെ നഗരസഭയിലെ വാര്‍ഡുകളായ കപ്പക്കല്‍, പയ്യാനക്കല്‍, ചക്കുംകടവ് വാര്‍ഡുകളിലെ എട്ട് ബൂത്തുകളാണ് ഒരു പോളിങ് സ്‌റ്റേഷനില്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നത്.

ബൂത്തില്‍ കയറി പോളിങ് ഉദ്യോഗസ്ഥരോട് കണക്ക് തിരക്കാന്‍ പോലും സാധിക്കാത്ത വിധം വോട്ടര്‍മാര്‍ ജാഗരൂകരും ആയിരുന്നു. ‘വോട്ടില്ലാത്തവര്‍ പുറത്ത് എന്ന ലൈനിലായിരുന്നു ജനം. നാലിന് കപ്പക്കല്‍ ബൂത്തില്‍ ആകെയുള്ള 1366 വോട്ടുകളില്‍ 832 എണ്ണവും രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. വോട്ട് ചെയ്യാനെത്തിയ സ്ത്രീകളുടെ നീണ്ട നിര സ്‌കൂള്‍ വരാന്തകളില്‍ കാണാമായിരുന്നു.

രാവിലെ ഒമ്പതിന് ബിലാത്തിക്കുളം ബിഇഎം യുപി സ്‌കൂളിലെ ബിലാത്തിക്കുളം ബിഇഎം യുപി  സ്‌കൂളിലെ ബിലാത്തിക്കുളം അത്താണിക്കല്‍ വാര്‍ഡ് ബൂത്തില്‍ നല്ല തിരക്കായിരുന്നു. ബിലാത്തിക്കുളം വാര്‍ഡിലെ ബൂത്തില്‍ 1000 വോട്ടില്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയ വോട്ടുകള്‍. 188. അത്താണിക്കല്‍ വാര്‍ഡ് ബൂത്തില്‍ ആകെയുള്ള 883 വോട്ടുകളില്‍ 143 വോട്ട്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ രാവിലെ മുതല്‍ തുടര്‍ച്ചയായി വോട്ടര്‍മാരുടെ തിരക്ക് അനുഭവപ്പെട്ട ഡിവിഷനുകളില്‍ ചാലപ്പുറം, ആഴ്ചവട്ടം, പാറോപ്പടി, അരീക്കാട്, നല്ലളം, വലിയങ്ങാടി, പാളയം, നടക്കാവ്, ചക്കോരത്തുകുളം എന്നിവ ഉള്‍പ്പെടുന്നു. ഏറെ വാശിയേറിയ മല്‍സരങ്ങളാണ് ഇവിടെ.
Next Story

RELATED STORIES

Share it