Alappuzha local

ഉച്ചഭക്ഷണ വിതരണത്തില്‍ ക്രമക്കേടെന്ന് വിവരാവകാശരേഖപരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന്

അമ്പലപ്പുഴ: സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പു നടന്നതായി ആരോപണം. പരാതി നല്‍കിയിട്ടും അധികൃതര്‍ അന്വേഷിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്്. അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചഭക്ഷണ വിതരണത്തിലാണ് വന്‍ ക്രമക്കേട് നടന്നതായി ആരോപണമുള്ളത്്്. ഉച്ചഭക്ഷണം  കഴിക്കുന്ന കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയാണ് ഇതിന്റെ ചുമതലയുള്ള അധ്യാപകര്‍ പണം തട്ടുന്നത്. പിടിഎയുടെ നേതൃത്വത്തിലുള്ള ഒരാളുടെ സഹായവും അനുവാദവും ഇതിനുണ്ടെന്നും ആക്ഷേപമുണ്ട്. ഉച്ചഭക്ഷണം കൂടാതെ പാല്‍, മുട്ട, വിറക്, അരി, പച്ചക്കറി തുടങ്ങിയവ വാങ്ങുന്നതിലും വന്‍ ക്രമക്കേട് നടക്കുന്നതായാണ് പരാതി. തെളിവുകളുള്‍പ്പെടെ പരാതി നല്‍കിയിട്ടും ഇതില്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ് അധികൃതരും വിദ്യഭ്യാസ വകുപ്പും. ഉച്ചഭക്ഷണ വിതരണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ താഴ്ചയില്‍ നസീറിന് വിവരാവകാശനിയമ പ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് തെളിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് 31ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ജില്ലാ വിജിലന്‍സ് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നും ഉച്ചഭക്ഷണ വിതരണത്തില്‍ വന്‍ ക്രമക്കേട് നടന്നതായും തെളിഞ്ഞിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താനും കേസ് രജിസ്ട്രര്‍ ചെയ്യാനുമുള്ള അനുമതിക്കായി വിജിലന്‍സ് ഡി വൈഎസ്പി ജൂണ്‍ 22ന് വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടിയെങ്കിലും യാതൊരു പുനരന്വേഷണവും നടത്താതെ ഫയല്‍ ക്ലോസ് ചെയ്യാനാണ് വിജിലന്‍സ് ഡയറക്ടറേറ്റ് തീരുമാനിച്ചിരിക്കുന്നത്. പരാതിക്കാരനില്‍ നിന്ന് മൊഴിയെടുക്കാനോ ക്രമക്കേടു നടത്തിയവരെ പിടികൂടാനോ തയ്യാറാവാതെ അന്വേഷണം അവസാനിപ്പിച്ച വിജിലന്‍സിന്റെ നിലപാട് സംശയത്തിന് ഇട നല്‍കുന്നതാണെന്നും ആക്ഷേപമുണ്ട്. ക്രമക്കേടു നടത്തിയ അധ്യാപകരെ  ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് വിജിലന്‍സും സ്വീകരിച്ചിരിക്കുന്നത്. ക്രമക്കേട് ഭരണസ്വാധീനത്തില്‍ മൂടിവയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെതിരേ വിജിലന്‍സ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും താഴ്ചയില്‍ നസീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it