World

ഉച്ചകോടി ചെലവുകള്‍ വഹിക്കാമെന്ന് ഐസിഎഎന്‍

സിംഗപ്പൂര്‍: ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടക്കുന്ന കിം- ട്രംപ് ഉച്ചകോടി ചെലവുകള്‍ വഹിക്കാമെന്ന് ഐസിഎഎന്‍(ഇന്റര്‍നാഷനല്‍ കാംപയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ്). ഐസിഎഎന്നിന് കഴിഞ്ഞവര്‍ഷം സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടിയിരുന്നു. നേതാക്കന്‍മാരുടെ ഹോട്ടല്‍ ബില്‍ അടക്കമുള്ള ചെലവുകള്‍ വഹിക്കാമെന്നാണ് ഐസിഎഎന്നിന്റെ വാഗ്ദാനം.
സാമ്പത്തിക പ്രതിസന്ധിയിലായ ഉത്തര കൊറിയ ഉച്ചകോടിക്കായി സിംഗപ്പൂരിലെത്തുന്ന ഉദ്യോഗസ്ഥരുടെയും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റും ചെലവുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഐസിഎഎന്‍ സഹായ വാഗ്ദാനവുമായി എത്തിയത്. തങ്ങളുടെ നോബേല്‍ സമ്മാനത്തുക ഉച്ചകോടിക്കെത്തുന്ന ഉദ്യോഗസ്ഥരുടെ താമസ സൗകര്യമടക്കമുള്ള ചെലവുകള്‍ക്ക് വിനിയോഗിക്കാന്‍ തയ്യാറാണെന്നും ഐസിഎഎന്‍ ഭരവാഹി ആകിറാ കവാസാകി അറിയിച്ചു.
ഏഷ്യയിലെ ഏറ്റവും വിലകൂടിയതെന്ന് കരുതുന്ന സിംഗപ്പൂരിലെ അത്യാഡംബര ഹോട്ടലാണ് ഉച്ചകോടിക്ക് വേദിയാവുക. അതിനാല്‍ തന്നെ ഉച്ച കോടിയുടെ ചെലവും കൂടും. ഇതിന്റെ ഒരു ഭാഗം ഉത്തര കൊറിയ വഹിക്കേണ്ടിവരുമെന്നാണ് സൂചന. ഹോട്ടല്‍ ബില്‍ അടയ്ക്കുന്നതില്‍ കിമ്മിനെ സഹായിക്കാന്‍ ട്രംപ് ഭരണകൂടം വിവേകപൂര്‍വമായ വഴി അന്വേഷിക്കുന്നുണ്ടെന്ന് രണ്ടു യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെലവുകള്‍ ആതിഥേയ രാജ്യമായ സിംഗപ്പൂര്‍ വഹിക്കുമെന്നും റിപോര്‍ട്ടുണ്ട്. എന്നാല്‍, ഉച്ചകോടിക്ക് എത്ര ചെലവ് വരുമെന്ന് ഇപ്പോഴും വ്യക്തമല്ല.

Next Story

RELATED STORIES

Share it