ഉംറയോടൊപ്പം ടൂറിസ്റ്റ് വിസ: പദ്ധതി രണ്ടു മാസത്തിനകം

ജിദ്ദ: വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിച്ച ശേഷം സൗദിയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്ന പദ്ധതി രണ്ടു മാസത്തിനകം നടപ്പാക്കും. പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് സൗദി ടൂറിസം-പുരാവസ്തു വകുപ്പ് റിയാദ് ഘടകം മേധാവി എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് അല്‍ ഹുസയ്ന്‍ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കിവരുകയാണ്. റിയാദില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം മേഖലയുമായി ബന്ധപ്പെട്ട കമ്പനി പ്രതിനിധികളുടെ യോഗത്തിലാണ് അദ്ദേഹം പദ്ധതിയുടെ പുരോഗതിയെക്കുറിച്ചു വിശദീകരിച്ചത്. പദ്ധതി നടപ്പാവുന്നതോടെ സൗദിയിലെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ശേഷിപ്പുകളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും കാണുന്നതിന് തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിക്കും. ഉംറ വിസയോടൊപ്പം മറ്റു സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാനുള്ള മുന്‍കൂര്‍ അനുമതി തേടുന്ന തീര്‍ത്ഥാടകര്‍ക്കാണ് യാത്രാനുമതി നല്‍കുക.
ഈ വര്‍ഷം ഒരു കോടിയോളം ഉംറ വിസകള്‍ നല്‍കാനാണ് ഹജ്ജ് മന്ത്രാലയത്തിന്റെ തീരുമാനം. 'ഉംറയ്ക്കു ശേഷമുള്ള വിനോദസഞ്ചാരം' എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതോടെ സൗദി ടൂറിസം മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് അവസരമൊരുങ്ങും. ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നിലവില്‍ മക്ക, മദീന, ജിദ്ദ എന്നീ നഗരങ്ങള്‍ക്കു പുറത്തേക്ക് യാത്രചെയ്യാന്‍ അനുമതിയില്ല. എന്നാല്‍, പ്രത്യേക ഫോറം പൂരിപ്പിച്ചുനല്‍കി കാലാവധിക്കുള്ളില്‍ മടങ്ങിപ്പോവുമെന്ന സത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് യാത്രാനുമതി നല്‍കാറുണ്ട്.
സൗദിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് അവസരം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍, ഇതിന് ഉംറ വിസ ലഭ്യമാക്കുമ്പോള്‍ തന്നെ വിനോദസഞ്ചാരത്തിനുള്ള അനുമതി കൂടി ലഭ്യമാക്കിയിരിക്കണം. സൗദിയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഒരു മാസത്തെ ടൂറിസ്റ്റ് വിസയാണു നല്‍കുക. ഉംറ മാത്രം നിര്‍വഹിച്ച് മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കും.
ഇത്തരം വിസകളില്‍ തീര്‍ത്ഥാടകരെ കൊണ്ടുവരുന്ന ഉംറ ഗ്രൂപ്പുകളും കമ്പനികളും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ താമസ, യാത്രാ സൗകര്യങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. സഞ്ചരിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഹോട്ടലുകളിലെ താമസവും യാത്രയ്ക്കുള്ള വാഹനങ്ങളും രാജ്യത്തിനകത്തുള്ള ടൂറിസം കമ്പനികളുമായി സഹകരിച്ച് മുന്‍കൂട്ടി ഏര്‍പ്പാട് ചെയ്തിരിക്കണം.
Next Story

RELATED STORIES

Share it