Editorial

ഈ സ്ഥാനാര്‍ഥിക്കെതിരില്‍ പോരാടേണ്ടത് രാജ്യതാല്‍പര്യം



രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബിജെപിയുടെ നടപടി, ഹിന്ദുത്വ രാഷ്ട്രീയം കൈക്കൊണ്ടുപോരുന്നത് ഏകപക്ഷീയതയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കുന്നതിനു പിന്നില്‍ ഒരുപാട് തന്ത്രങ്ങളുണ്ട് എന്നതു നേരുതന്നെ. ബിഹാര്‍ ഗവര്‍ണറും യുപി സ്വദേശിയുമായ ഒരു ദലിതനെ സ്ഥാനാര്‍ഥിയാക്കുക വഴി പ്രതിപക്ഷകക്ഷികളെ ആശയക്കുഴപ്പത്തില്‍ അകപ്പെടുത്താന്‍ ബിജെപിക്ക് സാധിച്ചു. ടിആര്‍എസും വൈഎസ്ആര്‍ കോണ്‍ഗ്രസ്സും മറ്റും പിന്തുണയ്ക്കുമെന്നതിനാല്‍ അദ്ദേഹം വിജയിക്കാനാണ് സാധ്യതയും. ഈ തന്ത്രവൈദഗ്ധ്യത്തിനു മാര്‍ക്ക് നല്‍കാമെങ്കിലും രാഷ്ട്രീയ മാന്യതയ്ക്കു നിരക്കുന്ന പണിയാണിതെന്ന് പറഞ്ഞുകൂടാ. ഇതൊക്കെയായിരുന്നു കൈയിലിരിപ്പെങ്കില്‍ എന്തിനായിരുന്നു ഇതേവരെ നടത്തിയ സമവായനീക്കങ്ങള്‍? എന്തിനായിരുന്നു പ്രതിപക്ഷകക്ഷികളുമായുള്ള ചര്‍ച്ചാ നാടകങ്ങള്‍? സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചശേഷം ഫോണില്‍ വിളിച്ച് പിന്തുണ ചോദിച്ചത് അംഗീകരിക്കാനാവില്ലെന്ന കോണ്‍ഗ്രസ് നിലപാടില്‍ യാതൊരു തെറ്റുമില്ല. അതിനും ഒരുപടി അപ്പുറത്ത് നില്‍ക്കുന്നു സിപിഎം നിലപാട്. സംഘപരിവാരക്കാരെ അംഗീകരിക്കില്ലെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നുപറഞ്ഞിട്ടുള്ളത്. രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കാനും ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനും ഭരണതലത്തില്‍ ആസൂത്രിതശ്രമങ്ങള്‍ നടക്കുമ്പോള്‍, എടുത്തുപറയത്തക്ക മേന്മകളൊന്നുമില്ലാത്ത ഒരു സ്വയംസേവകനെ രാഷ്ട്രപതിയാക്കുന്നത് രാജ്യതാല്‍പര്യത്തിന് ചേര്‍ന്നതല്ല. നരേന്ദ്രമോദിക്ക് രാഷ്ട്രപതിസ്ഥാനത്തു വേണ്ടത് സ്വന്തം ഇഷ്ടങ്ങള്‍ നടപ്പാക്കാന്‍ പാകത്തിലുള്ള വ്യക്തിത്വമില്ലാത്ത ഒരാളെ ആയിരിക്കാം. ആര്‍എസ്എസിന് തങ്ങളുടെ വരുതിയിലുള്ള ഒരാള്‍ രാഷ്ട്രപതിയാവണമെന്ന താല്‍പര്യം കലശലാണുതാനും. രാംനാഥ് കോവിന്ദ്, ഇപ്പോഴത്തെ അവസ്ഥയില്‍ രണ്ടിനും പറ്റും. അങ്ങനെയൊരാളെ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് സ്വന്തം നിലയ്ക്കു നിര്‍ദേശിച്ച് അതിനെ പിന്തുണച്ചോളൂ എന്നു പറയുന്നത് സമവായമേയല്ല.തോറ്റുപോയേക്കാമെങ്കിലും രാംനാഥ് കോവിന്ദ് എന്ന ഈ സംഘപരിവാര സ്ഥാനാര്‍ഥിക്കെതിരായി കരുത്തുറ്റ ഒരാളെ നിര്‍ത്തി വീറോടെ പോരാടുകയാണ് പ്രതിപക്ഷകക്ഷികള്‍ ചെയ്യേണ്ടത്. എല്ലാ ജനാധിപത്യശക്തികളും പൊതുസമൂഹവും പ്രസ്തുത സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുകയും വേണം. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി, തോറ്റുപോയേക്കാവുന്ന ചില യുദ്ധങ്ങളിലും നാം വാശിയോടെ പൊരുതേണ്ടതുണ്ട് എന്നോര്‍ക്കുക.
Next Story

RELATED STORIES

Share it