Articles

ഈ സര്‍ക്കാരില്‍ ആര്‍ക്കാണ് വിശ്വാസം?

ഇന്ദ്രപ്രസ്ഥം -  നിരീക്ഷകന്‍
പൊതുതിരഞ്ഞെടുപ്പിനുള്ള കേളികൊട്ട് തുടങ്ങിയെന്നു തീര്‍ച്ചയാണ്. തിരഞ്ഞെടുപ്പിന് ഇനി ഒരു കൊല്ലം ബാക്കിയുണ്ടെങ്കിലും കാര്യങ്ങള്‍ തിരഞ്ഞെടുപ്പുകാലത്തെ എരിപൊരി അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.
പാര്‍ലമെന്റിന്റെ അവസ്ഥ നോക്കുക. ഇത്തവണ ബജറ്റ് സമ്മേളനത്തില്‍ ബജറ്റൊന്നും ആരും കാര്യമായി ശ്രദ്ധിച്ചതേയില്ല. ഗില്ലറ്റിന്‍ ഉപയോഗിച്ചാണ് സ്പീക്കര്‍ ബില്ലുകള്‍ പാസാക്കിയെടുക്കുന്നത്. ചര്‍ച്ചയൊന്നും നടക്കുന്നില്ല. ചര്‍ച്ച നടക്കാന്‍ പാര്‍ലമെന്റ് സമ്മേളനം നടക്കണമല്ലോ. രാവിലെ 11 മണിക്ക് സഭ തുടങ്ങിയാല്‍ അപ്പോഴേ ബഹളമാണ്. പത്തോ പതിനഞ്ചോ മിനിറ്റിലധികം രണ്ടു സഭയും സമ്മേളിക്കുന്നില്ല.
ഇപ്പോള്‍ പ്രധാന പ്രശ്‌നം സര്‍ക്കാരിന്റെ മേല്‍ അവിശ്വാസം പ്രകടിപ്പിച്ച് മുന്‍ സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി നല്‍കിയ അവിശ്വാസ പ്രമേയമാണ്. തെലുഗുദേശം മാത്രമല്ല, ആന്ധ്രയിലെ അവരുടെ മുഖ്യ എതിരാളി വൈഎസ്ആര്‍ കോണ്‍ഗ്രസ്സും ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കൊടുത്തിട്ടുണ്ട്. രണ്ടു പാര്‍ട്ടികളും ആന്ധ്രയില്‍ പരസ്പരം പോരിലാണ്. അതിനാല്‍, ഇഞ്ചിനു വിട്ടുകൊടുക്കാന്‍ രണ്ടു കൂട്ടരും തയ്യാറല്ല. ഇപ്പോള്‍ മൂന്നാമതായി കോണ്‍ഗ്രസ്സും കൊടുത്തിരിക്കുന്നു അവിശ്വാസ പ്രമേയത്തിനു നോട്ടീസ്.
ആഴ്ചയൊന്നായി അവിശ്വാസ പ്രമേയം സ്പീക്കറുടെ കൈവശം കിട്ടിയിട്ട്. പാര്‍ലമെന്ററി മര്യാദയും രീതിയും അനുസരിച്ച് സര്‍ക്കാരില്‍ അവിശ്വാസം പ്രകടിപ്പിച്ച് നോട്ടീസ് കിട്ടിയാല്‍ മറ്റെല്ലാ കാര്യവും മാറ്റിവച്ച് അതു ചര്‍ച്ച ചെയ്തു തീര്‍പ്പാക്കണം. വോട്ടെടുപ്പിലൂടെയോ അല്ലാതെയോ സഭയുടെ വിശ്വാസം സര്‍ക്കാര്‍ വീണ്ടെടുക്കണം. അതിനു ശേഷം മാത്രമേ ഭരണപരമായ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ പാടുള്ളൂ.
എന്നാല്‍ സ്പീക്കര്‍ പറയുന്നത്, അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ സഭയില്‍ ഇത്തിരി സമാശ്വാസം വേണ്ടേ എന്നാണ്. ബഹളം മാത്രമാണ് നടക്കുന്നത്. അതിനിടയില്‍ എങ്ങനെ ചര്‍ച്ച നടത്തും? അതിനാല്‍, അവിശ്വാസ നോട്ടീസുകളുടെ പുറത്ത് അടയിരിക്കുകയാണ് മഹതി.
പ്രതിപക്ഷത്ത് മിക്കവാറും പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമാണ്. വോട്ടെടുപ്പ് വരുമ്പോള്‍ ബിജെപിയുടെ ശോഷിച്ചുവരുന്ന ശക്തിയുടെ പ്രകടനമാവും അതെന്നാണ് അവര്‍ പറയുന്നത്. കാര്യം ശരിയുമാണ്. ടിഡിപി മാത്രമല്ല അവരെ വിട്ടുപോയത്. ശിവസേനയും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് പറയുന്നത്. ഇത്ര കാലം വിശ്വസ്തരായി നിന്ന സഖ്യകക്ഷികളാണ് രണ്ടു കൂട്ടരും. രണ്ടു പേരും ഈ അവസാന ഘട്ടത്തില്‍ കളം മാറുന്നത് ബിജെപിക്ക് നല്ല ലക്ഷണമല്ല.
ബിജെപിക്ക് അകത്തും പലവിധ പൊട്ടിത്തെറികളുണ്ട്- നരേന്ദ്ര മോദിയും അമിത്ഷായും ചേര്‍ന്ന കോക്കസ് ഭരണമാണ് നടക്കുന്നതെന്ന് പല സംഘപരിവാരക്കാരും ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്. പാര്‍ട്ടിക്കകത്ത് ഒരുവിധ ചര്‍ച്ചയും നടക്കുന്നില്ല. ഈ രണ്ടു മഹാന്‍മാരുടെ നല്ലപിള്ളയായില്ലെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞതുതന്നെ. പരസ്യമായി രംഗത്തുവന്നിരിക്കുന്നത് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയും ബിഹാറില്‍ നിന്നുള്ള നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയും വാജ്‌പേയി മന്ത്രിസഭയിലെ അംഗമായിരുന്ന അരുണ്‍ ഷൂരിയും ഒക്കെയാണ്.
പക്ഷേ, അവര്‍ ഒറ്റയ്ക്കല്ലെന്നു വ്യക്തം. ലാല്‍ കൃഷ്ണ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കമുള്ള പഴയ പല പടക്കുതിരകളും അവര്‍ക്കു പിന്നിലുണ്ട്. അതിനു പിന്നില്‍ കളിക്കുന്നതില്‍ ഒരാള്‍ യുപിയിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്നും ചിലര്‍ പറയുന്നുണ്ട്. ആദിത്യനാഥിനു മോദിയുടെ കസേരയില്‍ കണ്ണുെണ്ടന്നു സംഘപരിവാരത്തിനകത്തും പുറത്തും പലരും പറയാന്‍ തുടങ്ങിയിട്ടുണ്ട്.
അതിനാല്‍, അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്ത് വോട്ടിനിടുമ്പോള്‍ കാറ്റ് എങ്ങോട്ടൊക്കെയാണ് മാറിവീശുന്നതെന്നു തെളിഞ്ഞുവരും. കാറ്റ് മാറിവീശുന്നത് എങ്ങോട്ടെന്നറിയാന്‍ രാം വിലാസ് പാസ്വാനെ നോക്കിയാല്‍ മതി എന്നാണ് അദ്ദേഹത്തെ ചിരകാലമായി അറിയുന്ന ലാലുജി പറയുന്നത്. കാര്യം ശരിയായിരിക്കും. രണ്ടു പേരും ബിഹാറില്‍ നിന്നുള്ള രാഷ്ട്രീയക്കാരാണ്. പാസ്വാന്‍ കേറി മേയാത്ത മുന്നണിയില്ല. കഴിഞ്ഞ ദിവസം പുള്ളിക്കാരനും സര്‍ക്കാരിനു മുന്നറിയിപ്പു കൊടുത്തിരിക്കുന്നു. മതേതരത്വം കൈവിട്ടുകളിക്കരുത് എന്നാണ് ഉപദേശം.
അതിനാല്‍, എങ്ങനെയും ഈ സമ്മേളനത്തില്‍ അവിശ്വാസം ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പാര്‍ലമെന്റില്‍ തമിഴ്‌നാട്ടിലെയും തെലങ്കാനയിലെയും അംഗങ്ങള്‍ ഓരോ കാരണം പറഞ്ഞു ബഹളമുണ്ടാക്കുന്നതിനു പിന്നില്‍ സര്‍ക്കാര്‍ തന്നെയാണെന്നും കേള്‍ക്കുന്നു. സംഘപരിവാര തന്ത്രങ്ങള്‍ അങ്ങനെയാണ്. കാര്യം കാണണം; അതിന് എന്തു മാര്‍ഗവും സ്വീകരിക്കാന്‍ അവര്‍ റെഡിയാണ്.                                               ി
Next Story

RELATED STORIES

Share it