wayanad local

ഈ വര്‍ഷവും പവര്‍കട്ട് ഒഴിവാക്കും: മന്ത്രി

കല്‍പ്പറ്റ: ഈ വര്‍ഷവും പവര്‍കട്ട് ഒഴിവാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും അതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും വൈദ്യുതി മന്ത്രി എം എം മണി. ബാണാസുരസാഗറിലെ 500 കിലോവാട്ട് പീക്ക് സ്ഥാപിത ശേഷിയുള്ള ഫ്‌ളോട്ടിങ് സോളാര്‍ നിലയം നാടിന് സമര്‍പ്പിക്കുകയായിരുന്നു മന്ത്രി.
ബാണാസുര പുതിയ പരീക്ഷണമാണ്. ചെലവ് കൂടുതലാണ്. ലാഭകരമായി വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള എല്ലാവിധ മാര്‍ഗങ്ങളും സര്‍ക്കാര്‍ തേടും. നമ്മുടെ ഉല്‍പാദനം 30 ശതമാനം മാത്രമാണ്. ബാക്കി എഴുപത് ശതമാനവും പുറത്തുനിന്നു വാങ്ങുകയാണ്. നിലവിലെ വൈദ്യുതി ലൈനിന് പകരം കേബിള്‍ ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കും- മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി ജി സജേഷ്, റീന സുനില്‍, ജനപ്രതിനിധികളായ കെ ബി നസീമ, ജിന്‍സി സണ്ണി, ശാന്തിനി ഷാജി, ഡയറക്ടര്‍ കോര്‍പറേറ്റ് പ്ലാനിങ് ഓഫിസര്‍ എന്‍ വേണുഗോപാല്‍, ചീഫ് എന്‍ജിനീയര്‍ റിന്യൂവബിള്‍ എനര്‍ജി വി കെ ജോസഫ്, ചീഫ് എന്‍ജിനീയര്‍ ജനറേഷന്‍ ബ്രിജിലാല്‍ സംസാരിച്ചു.
പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ച മുന്‍ മാനന്തവാടി ഗവ. എന്‍ജിനീയറിങ് കോളജിലെ  അജയ് തോമസ്, വി എം സുധിന്‍ എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. സോളാര്‍ നിലയം മന്ത്രി സന്ദര്‍ശിച്ചു.
ഫെറോ സിമന്റ് സാങ്കേതിക വിദ്യയില്‍ 18 കോണ്‍ക്രീറ്റ് ഫ്‌ളോട്ടുകളിലാണ് നിലയം സജ്ജീകരിച്ചിട്ടുള്ളത്. 1938 സൗരോര്‍ജ പാനലുകളും ട്രാന്‍സ്‌ഫോമറും 17 ഇന്‍വര്‍ട്ടറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലയത്തെ യഥാസ്ഥാനത്ത് നിര്‍ത്തുന്നതിനായി അത്യാധുനിക ആങ്കറിങ് മെക്കാനിസവും തയ്യാറാക്കിയിരിക്കുന്നു.
ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ സബ്‌സ്റ്റേഷനിലേക്കാണ് നല്‍കുക. ഒമ്പതുകോടി 25 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്.
Next Story

RELATED STORIES

Share it