ഈ വര്‍ഷം 50,000 പേര്‍ക്കു കൂടി പട്ടയം: മന്ത്രി

തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്ത് 50,000 പേര്‍ക്കു കൂടി പട്ടയം നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതിനായി നിശ്ചിത ഭൂമിയിലെ എല്ലാ തടസ്സങ്ങളും മാറ്റി ജില്ലാ കലക്ടര്‍മാര്‍ നടപടി സ്വീകരിക്കും. കേന്ദ്രസര്‍ക്കാരിന്റെയും സുപ്രിംകോടതിയുടെയും അനുവാദം ലഭിച്ചതും ഇനിയും വിതരണം ചെയ്യാത്തതുമായ 11725.89 ഹെക്റ്റര്‍ വനഭൂമിയിലും സമയബന്ധിതമായി പട്ടയം നല്‍കും. പട്ടയവിതരണം, വനഭൂമിയിലെ അവകാശങ്ങള്‍, മിച്ചഭൂമി കണ്ടെത്തലും വിതരണവും, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കലും ഭൂസംരക്ഷണവും തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെ യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. ഇടുക്കി ജില്ലയില്‍ 9867.31 ഹെക്റ്ററും തൃശൂരില്‍ 1523.39 ഹെക്റ്ററും എറണാകുളത്ത് 326.42 ഹെക്റ്ററും വനഭൂമിക്ക് പട്ടയം നല്‍കാനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
വനംവകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധന ആവശ്യമുള്ള, തിരുവനന്തപുരം ജില്ലയില്‍ 250.269 ഹെക്റ്ററും കോട്ടയത്ത് 1454.2 ഹെക്റ്ററും പാലക്കാട് 151.77 ഹെക്റ്ററും വനഭൂമിയിലെ പരിശോധന പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കയക്കും. ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളുടെ വിതരണത്തില്‍ ചില ട്രൈബ്യൂണലുകളുടെ മെല്ലെപ്പോക്ക് പരിശോധിച്ച് എല്‍ടി പട്ടയങ്ങള്‍, ദേവസ്വം പട്ടയങ്ങള്‍, കാണം പട്ടയങ്ങള്‍ എന്നിവ സമയബന്ധിതമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും. മൂവാറ്റുപുഴ താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തില്‍ 2000ല്‍പരം വനഭൂമി പട്ടയങ്ങള്‍ കൈവശക്കാര്‍ക്ക് നല്‍കുന്നതില്‍ തടസ്സമില്ല. അവ ഉടനെ വിതരണം ചെയ്യും.
സംസ്ഥാനത്ത് പരിധിയിലധികം ഭൂമി കൈവശം വച്ചിരിക്കുന്നതു കണ്ടെത്തി അധിക ഭൂമിക്ക് സീലിങ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. മിച്ചഭൂമിയായി ഏറ്റെടുക്കുന്നവയില്‍ വീണ്ടും കൈയേറ്റമുണ്ടാവാതെ എത്രയും വേഗം വിതരണം ചെയ്യും. ആരാധനാലയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും ശ്മശാനങ്ങളും കാലങ്ങളായി കൈവശംവച്ചിരിക്കുന്ന ഭൂമിയില്‍ അത്യാവശ്യം വേണ്ടിവരുന്ന ഭൂമി മാത്രം മാര്‍ക്കറ്റ് വില ഈടാക്കി പതിച്ചുനല്‍കുകയോ വ്യവസ്ഥ പ്രകാരം പാട്ടത്തിനു നല്‍കുകയോ ചെയ്യും. ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും നടപടി സ്വീകരിക്കും.
Next Story

RELATED STORIES

Share it