Gulf

ഈ വര്‍ഷം ഖത്തറിലെ ശമ്പള വര്‍ധന കുറയും

ദോഹ: സാമ്പത്തിക മേഖലയിലെ അസ്ഥിരത കണക്കിലെടുത്ത് 2016ല്‍ ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തൊഴിലുടമകള്‍ വലിയ പിശുക്ക് കാണിക്കുമെന്ന് റിപോര്‍ട്ട്. ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടിങ് കമ്പനിയായ മെര്‍സറിന്റെ കണക്കു കൂട്ടല്‍ പ്രകാരം ഈ വര്‍ഷം ഖത്തറിലെ കമ്പനികള്‍ നല്‍കുന്ന ശരാശരി ശമ്പള വര്‍ധന 4.9 ശതമാനമായിരിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശമ്പള വര്‍ധന 5 ശതമാനത്തിന് താഴെ പോകുന്നത് ഇതാദ്യമായാണെന്ന് മെര്‍സര്‍ പ്രസ്താവനയില്‍ അറിയിച്ചു. അടുത്ത രണ്ടു വര്‍ഷം ഖത്തറിലെ ജീവിതച്ചെലവ് കുത്തനെ വര്‍ധിക്കുമെന്ന ഖത്തര്‍ നാഷനല്‍ ബാങ്ക് ഗവേഷകരുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ റിപോര്‍ട്ട്. അടിസ്ഥാന ശമ്പളത്തിന് പുറമേ താമസം ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും കണക്കിലെടുത്തു കൊണ്ടുള്ളതാണ് മെര്‍സറിന്റെ സര്‍വേ റിപോര്‍ട്ടെന്ന് കമ്പനിയുടെ മിഡില്‍ ഈസ്റ്റ് പ്രിന്‍സിപ്പല്‍ നൂനോ ഗോമസ് പറഞ്ഞു. എണ്ണ വില കുറഞ്ഞത് ചെലവ് ചുരുക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക വിപണിയിലെ താഴോട്ട് പോക്ക് കമ്പനികളുടെ ആത്മവിശ്വാസത്തില്‍ ഇടിവ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫിലെ മറ്റു രാജ്യങ്ങളിലും സമാനമാണ് സ്ഥിതി. യുഎഇയില്‍ 4.9 ശതമാനമാണ് വര്‍ധന പ്രതീക്ഷിക്കുന്നത്. സൗദിയില്‍ ഉണ്ടായേക്കാവുന്ന ശരാശരി വര്‍ധന 5 ശതമാനമാണ്.
കഴിഞ്ഞ മാസം വികസന-ആസൂത്രണ വകുപ്പ് പുറത്തുവിട്ട കണക്കില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പകുതിയാക്കി(3.7 ശതമാനം) കുറച്ചിരുന്നു. എണ്ണ, വാതക വിപണിയിലെ തളര്‍ച്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. വിലത്തകര്‍ച്ച ഈ മേഖലയിലുള്ള കമ്പനികളെ കൂടുതല്‍ നിക്ഷേപമിറക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ്. റാസ്ഗ്യാസ്, മയര്‍സ്‌ക് ഓയില്‍, ഖത്തര്‍ പെട്രോളിയം തുടങ്ങിയ എണ്ണ, വാതക കമ്പനികള്‍ ജോലിക്കാരെ വെട്ടിക്കുറക്കുന്നത് ഉള്‍പ്പെടെ ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.
Next Story

RELATED STORIES

Share it