Pravasi

ഈ വര്‍ഷം ആദ്യപാദത്തില്‍ ഖത്തറില്‍ 93,570 സൈബര്‍ ആക്രമണങ്ങള്‍



ദോഹ: ഈ വര്‍ഷം ആദ്യപാദത്തില്‍ സാമ്പത്തിക തട്ടിപ്പുകള്‍ ലക്ഷ്യമിട്ട് 93,570 സൈബര്‍ ആക്രമണങ്ങള്‍ ഖത്തറിന് നേരിടേണ്ടിവന്നതായി കാസ്‌പെര്‍സ്‌കി ലാബ് സീനിയര്‍ സുരക്ഷാ ഗവേഷകന്‍ ഫാബിയോ അസ്സോലിനി ചൂണ്ടിക്കാട്ടി. ആസ്ട്രിയയിലെ വിയന്നയില്‍ കാസ്‌പെര്‍സ്‌കി ലാബ് സംഘടിപ്പിച്ച സൈബര്‍ സുരക്ഷാ പരിപാടിയില്‍ പങ്കെടുക്കവെയാണ് ഖത്തറിന് ഇത്രയധികം ഫിഷിങ് ആക്രമണങ്ങള്‍ നേരിടേണ്ടിവന്നതായി അദ്ദേഹം വ്യക്തമാക്കിയത്. 2016ല്‍ ഖത്തറില്‍ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന 2,68,000 ഫിഷിങ് ആക്രമണങ്ങളെ കാസ്‌പെര്‍സ്‌കി ലാബ് പ്രതിരോധിച്ചതായി ഗള്‍ഫ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചു. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ ഖത്തറില്‍ വര്‍ധിച്ചുവരുന്നുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ ഖത്തറില്‍ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതായി തങ്ങളുടെ നിരീക്ഷണത്തില്‍ വ്യക്തമായി. മാര്‍ച്ച് 31 വരെ 93,570 സൈബര്‍ ആക്രമണങ്ങള്‍ ഖത്തറിന് അഭിമുഖീകരിക്കേണ്ടതായിവന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ പ്രതിമാസം 13,000ത്തോളം ബാങ്കിങ് ട്രോജനുകള്‍ ഖത്തറിന് നേരിടേണ്ടിവന്നു.  ബാങ്ക് ഇടപാടുകള്‍ മനസിലാക്കുന്നതിനും തട്ടിയെടുക്കുന്നതിനും സഹായകമായ വൈറസ് പ്രോഗ്രാമാണിത്. സൈബര്‍ ആക്രമണം നേരിടുന്ന ലോക രാജ്യങ്ങളില്‍ ഓറഞ്ച് വിഭാഗത്തിലാണ് ഖത്തറുള്ളത്. ഖത്തറിനു പുറമെ മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൈബര്‍ ഫിഷിങ് ആക്രമണം വ്യാപകമായ രാജ്യങ്ങളാണ് ഓറഞ്ച് എന്ന രണ്ടാം വിഭാഗത്തിലുള്ളത്. സൈബര്‍ ആക്രമണങ്ങള്‍ ഏറ്റവും ശക്തമായ രാജ്യങ്ങളാണ് റെഡ്(ചുവപ്പ്) വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ആഗോളതലത്തില്‍ 2016ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സൈബര്‍ ആക്രമണങ്ങളില്‍  47.48 ശതമാനവും സാമ്പത്തികമേഖല കേന്ദ്രീകരിച്ചായിരുന്നു. ആഗോള ഇന്റര്‍നെറ്റ് പോര്‍ട്ടലുകളെ കേന്ദ്രീകരിച്ചാണ് 24ശതമാനം സൈബര്‍ ഫിഷിങ് ആക്രമണങ്ങള്‍ നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇമെയിലുകള്‍, എസ്എംഎസുകള്‍ എന്നിവ മുഖേനയുള്ള സൈബര്‍ തട്ടിപ്പുകളിലൂടെ വ്യക്തികളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളും രഹസ്യകോഡുകളും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്ന സൈബര്‍ തട്ടിപ്പുരീതിയാണ് ഫിഷിങ് ആക്രമണമെന്ന രീതിയില്‍ അറിയപ്പെടുന്നത്.
Next Story

RELATED STORIES

Share it