kozhikode local

ഈ ദുരന്തം അപ്രതീക്ഷിതമോ?

കോഴിക്കോട്: അപ്രതീക്ഷിത ദുരന്തം എന്ന് പറയാനാവില്ല ഇന്നലെയുണ്ടായ ദുരന്തത്തെ.ഉരുള്‍പൊട്ടല്‍ ഭീഷണി അതീവ ഗുരുതരമായി ഡമോക്ലസിന്റെ വാളുപോലെ കിഴക്കന്‍ മലയോര മേഖലയുടെ മലമുകളുകളില്‍ തൂങ്ങി ആടുന്നുണ്ടെന്ന് നേരത്തെ തന്നെ മഴമേഘങ്ങളുടേയും ന്യൂനമര്‍ദ്ദങ്ങളുടേയും മഴയുടെയുമൊക്കെ ഗതിവിഗതികളെക്കുറിച്ച് അറിവുള്ളവര്‍ പറഞ്ഞിരുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളും കഴിഞ്ഞ ദിവസം കനത്ത മഴയുടേയും ഉരുള്‍ പൊട്ടലിന്റെയും സാധ്യതാ പ്രവചനം നടത്തിയതുമാണ്. ഇതിനു മുമ്പും ഈ മേഖലകളില്‍ നാശം വിതച്ച് ഉരുള്‍പൊട്ടല്‍ ദുര്‍ഭൂതം കടന്നു വന്നിരുന്നു. ആളപായങ്ങലും ഉണ്ടാക്കിയിരുന്നു. മഴ മേഘങ്ങളെയും ന്യൂനമര്‍ദ്ദങ്ങളെയും ഉരുള്‍പൊട്ടലുകളെയും കുറിച്ച് അറിയാവുന്ന വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഈ മലപ്രദേശത്തെക്കുറിച്ച് വിദഗ്ധമായ പഠനം നടത്തേണ്ടതായിരുന്നു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഇതിനെക്കുറിച്ച്  വേവലാതിപ്പെട്ടിട്ട് കാര്യമില്ല. ഇത്തരം അപകടകരമായ അവസ്ഥയില്‍ പാര്‍പ്പിടമൊരുക്കി രാപാര്‍ക്കുന്നവര്‍ക്ക് ഉചിതമായ സ്ഥലം കണ്ടെത്തി വീടുകള്‍ വെച്ചു നല്‍കണമെന്ന് മുമ്പ് ഉരുള്‍ പൊട്ടലുകളുണ്ടായപ്പോഴൊക്കെ സംസ്ഥാന ഭരണകൂടം പറഞ്ഞിരുന്നു. ഇനിയും എത്രയോ പാവപ്പെട്ട കുടുംബങ്ങള്‍ ഇത്തരം മല മേടുകളില്‍ കഴിയുന്നുണ്ട് ഏറെ ഭീതിയോടെ. ഇപ്പോള്‍ ദുരിതബാധിതര്‍ക്കുള്ള താല്‍ക്കാലിക ക്യാംപുകളില്‍ കഴിയുന്നവര്‍ വീണ്ടും അപകടമേഖലകളിലേക്കു തന്നെയാണ് തിരിച്ചുപോകേണ്ടത്. ഇതിനായി കിഴക്കന്‍ മലയോര മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് പഠനം അനിവാര്യമായിരിക്കുകയാണ്. ഉരുള്‍പൊട്ടുന്നിടത്ത് വായുവിന് പോലും വലിയ റോളുണ്ട്. പുല്ലൂരാംപാറ, കൂടരഞ്ഞി, വലിയ ദുരന്തം ഉണ്ടായ കരിഞ്ചോല, കട്ടിപ്പാറ, ഓമശ്ശേരി വേനപ്പാറ തുടങ്ങിയ ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളെക്കുറിച്ച് എത്രയും പെട്ടെന്ന് ശാസ്ത്രീയമായ പഠനം നടത്തണം. ഇനിയും ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കണം. മലഞ്ചെരിവുകളില്‍ കൃഷിയിടത്തോട് ചേര്‍ന്നാണ് കര്‍ഷകരുടെ താമസം ഏറെയും. ഇവരുടെയൊക്കെ ജീവിതം തന്നെയാണ് പൊലിയുന്നത്. ഇന്നലെ കക്കയം ഡാമിന് സമീപത്തുണ്ടായ ഉരുള്‍പൊട്ടല്‍ പെന്‍സ്‌റ്റോക്ക് പൈപ്പിന്റെ തൊട്ടടുത്തായിരുന്നു. ഏതോ രീതിയില്‍ ഒരു വലിയ അപകടം ഒഴിവായി എന്ന് സമാശ്വാസിക്കാം .നാലു വീടുകള്‍ തകര്‍ന്ന് മരണം കടന്നു വന്ന ഭൂമിക്ക് മുകളില്‍ തടയണ കെട്ടിയിരുന്നുവെന്നും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവെന്നും പ്രദേശത്തുകാര്‍ പറയുന്നു. ഇതൊക്കെ അന്വേഷിക്കണം. ഇവിടെ നിന്നും ഏറെ അകലെയല്ലാതെയാണ് ഒരു എംഎല്‍എ യാതൊരു സുരക്ഷിതത്വവുമില്ലാതെ പാര്‍ക്ക് പണിതത്. ഏറെ വിവാദങ്ങള്‍ ഉണ്ടായെങ്കിലും ഇപ്പോഴും ഇതിന്റെ പ്രവര്‍ത്തനത്തിന് തടയിടാന്‍ ഭരണകൂടത്തിനും കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it