ഈ തട്ടുകടയില്‍ വിളമ്പുന്നത് സ്‌നേഹവും കാരുണ്യവും

ഈ തട്ടുകടയില്‍ വിളമ്പുന്നത് സ്‌നേഹവും കാരുണ്യവും
X
hotel

ആമയാര്‍ (ഇടുക്കി): സ്‌കൂള്‍ മൈതാനിയില്‍ കായികപ്രതിഭകള്‍ മാറ്റുരയ്ക്കുന്നതിനിടെ സഹപാഠിയുടെ കുടുംബത്തെ സഹായിക്കാനായി തട്ടുകട നടത്തുകയാണ് ആമയാര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷനല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാര്‍. ആമയാര്‍ എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച നെടുങ്കണ്ടം ഉപജില്ലാ കായികമേളയിലാണ് കൂട്ടുകാരന്റെ മാതാവിന്റെ ചികില്‍സയ്ക്കുള്ള പണം സമാഹരിക്കുന്നതിന് സഹപാഠികളും എന്‍എസ്എസ് വോളന്റിയര്‍മാരും ചേര്‍ന്ന് തട്ടുകട തുടങ്ങിയത്. സ്‌കൂളിലെ രണ്ടാംവര്‍ഷ ഹ്യൂമാനിറ്റീസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ മാതാവിന്റെ ശസ്ത്രക്രിയക്കു വേണ്ട ഭാരിച്ച ചെലവിലേക്ക് തുക കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം.
നട്ടെല്ലിനു സംഭവിച്ച ക്ഷതം മൂലം കിടപ്പിലായ മാതാവിനെ ചികില്‍സിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സഹപാഠിയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ കൂട്ടുകാര്‍ ക്ലാസുകളില്‍ പ്രതിദിന പിരിവു നടത്തുന്നതിനിടെയാണ് ഉപജില്ലാ കായികമേളയ്ക്ക് സ്‌കൂള്‍ വേദിയാവുന്ന വിവരം അറിഞ്ഞത്. ഇതോടെ തട്ടുകടയെന്ന ആശയം വിദ്യാര്‍ഥികളുടെ മനസ്സില്‍ ഉദിച്ചു. ഇക്കാര്യം പ്രിന്‍സിപ്പല്‍ മുമ്പാകെ അവതരിപ്പിച്ചതോടെ അദ്ദേഹം സമ്മതം മൂളി. പിന്നെയെല്ലാം വേഗത്തില്‍ മുന്നോട്ടു നീങ്ങി. എന്‍എസ്എസ് വോളന്റിയര്‍മാരുടെ പൂര്‍ണ പിന്തുണകൂടി ഉറപ്പായതോടെ സംഗതി വിജയമാവുകയാണ്. കടുത്ത തണുപ്പിനെ അവഗണിച്ചും സ്‌കൂളില്‍ തന്നെ താമസിച്ചാണ് എന്‍എസ്എസ് യൂനിറ്റിലെ 50ഓളം വിദ്യാര്‍ഥികള്‍ തട്ടുകടയ്ക്കു വേണ്ടി സജീവമായി രംഗത്തിറങ്ങിയത്. വിദ്യാര്‍ഥികളുടെ തന്നെ നേതൃത്വത്തിലാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. 1000ഓളം മല്‍സരാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന കായികമേളയില്‍ എത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ ആവശ്യമായ ഭക്ഷണവിഭവങ്ങളും ശീതളപാനീയങ്ങളും ഒരുക്കുകയാണ് ഈ തട്ടുകട. എന്‍എസ്എസ് പ്രോഗ്രാം ഓഫിസറും ഫിസിക്‌സ് അധ്യാപകനുമായ ടി പി ഹാരിസിന്റെ നേതൃത്വത്തിലാണ് തട്ടുകടയുടെ പ്രവര്‍ത്തനം. വണ്ടന്‍മേട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി റെജി തട്ടുകടയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it