ഈ ജിഹാദികളെ കൊണ്ടുള്ള ഗുണം!



അശ്‌റഫ്  ശ്രമദാനി

നമ്മുടെ സ്വന്തം ഇന്ത്യയെ നിരീക്ഷിച്ചുകൊണ്ട് മൂല്യബോധമുള്ള വിദേശ മാധ്യമങ്ങള്‍, തളര്‍വാതം പിടിപെട്ട ജനതയെന്നാണു നമ്മെ വിശേഷിപ്പിക്കുന്നത്. ദേശരാഷ്ട്രത്തിന്റെ പ്രകടനം/പെര്‍ഫോമന്‍സ് നന്നാവുന്നുണ്ടെന്ന് നമ്മളും നമ്മുടെ രാജാക്കന്മാരും സ്വയം കരുതി അഭിരമിക്കുമ്പോള്‍ പ്രതികരണശേഷി തളര്‍ന്നുപോയ ഒരു ജനതയായി നാം വിലയിരുത്തപ്പെടുന്നു. ഇതിന് അവബോധങ്ങളും അപവാദങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ശുഭോദര്‍ക്കമാണത്. എന്നാലത് തല്‍ക്കാലം ദുര്‍ബലമാണ് (എല്ലാം ശരിയാവും). ഉപായം കൊണ്ട് ഓട്ടയടയ്ക്കാന്‍ പറ്റാത്തവിധം സ്വയമറിയാതെ ഭരണസാരഥികളും നമ്മള്‍ എന്ന സ്വന്തം ഇന്ത്യയും ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ അപമാനപൂരിതരായിക്കൊണ്ടിരിക്കുന്നുണ്ട്. ഈ താന്തോന്നിത്തങ്ങള്‍ക്ക്, തെമ്മാടിത്തങ്ങള്‍ക്ക് ആപേക്ഷികമായ ഒരു സാധുത ലഭിക്കാന്‍ ചില സംജ്ഞകള്‍, അപരവല്‍ക്കരണം, ദ്വന്ദ്വം ആദിയായവ ആവശ്യമുണ്ട്. ഫാഷിസത്തിനും ഏകാധിപത്യത്തിനും ഇതൊന്നും അനിവാര്യമല്ലെങ്കിലും മതേതര ജനാധിപത്യത്തിന്റെ ബാനറില്‍ ഇതുവരെയും അറിയപ്പെട്ട ഒരു മഹാരാഷ്ട്രമാണല്ലോ ഇന്ത്യ. ഒറ്റയടിക്കങ്ങ് 'എങ്ങനെ' എന്നാവും അജണ്ട (ഒളിയജണ്ട എന്ന പ്രയോഗം തന്നെ ഒരു അശ്ലീലപദമാവുകയാണ്). ആര് എന്തൊക്കെ പറഞ്ഞാലും പ്രതിനായകസ്ഥാനത്തെ ഏറ്റവും വലിയ (മ്ലേച്ഛ)പ്രതിഷ്ഠയാവാനുള്ള സൗഭാഗ്യം ലഭിച്ചിരിക്കുന്നത് മുസ്‌ലിമിന് തന്നെയാണ്; എന്നുപറഞ്ഞാല്‍ 'ജിഹാദി'ക്ക്. 'ജിഹാദി' എന്ന പദപ്രയോഗത്തില്‍ തന്നെ ഒരു ഉണ്ടച്ചുരുട്ടുണ്ട്. ജിഹാദ് ചെയ്യുന്നവനെ മുജാഹിദ് എന്നാണു പറയുക. ജിഹാദി ഉര്‍ദു പദമാവും. ദൈവികമാര്‍ഗത്തില്‍ അധര്‍മത്തിനെതിരേ ചെയ്യുന്ന, വിശുദ്ധവും അഭിജാതവുമായ ഭാവതലങ്ങളുള്ള സമരം, പോരാട്ടം, യുദ്ധം, പ്രതിഷേധം, വാക്കും നാക്കും തൂലികയും... അങ്ങനെ പോവുന്നു ജിഹാദിന്റെ നിര്‍വചനം. നമ്മളെല്ലാവരെയും സലാമത്താക്കി എടുക്കാനുള്ള ജനരക്ഷാ യാത്രയുടെ ബാനറില്‍ കമ്മ്യൂണിസ്റ്റുകളെന്നോ സഖാക്കളെന്നോ ഇല്ല.  പ്രണയത്തിലൂടെ മതപരിവര്‍ത്തനം എന്ന അസംബന്ധ ദുരാരോപണത്തിന് നൈതികതയും (ലെഗസി) ഘര്‍വാപസിക്ക് ചാരിത്ര്യശുദ്ധിയും സ്ഥാപിച്ചെടുക്കാനുള്ള ഭഗീരഥപ്രയത്‌നം എട്ടുനിലയില്‍ പൊട്ടുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെങ്കിലും 'ലൗ ജിഹാദ്' എന്ന പദനിര്‍മിതി ഇപ്പറഞ്ഞതിന് വേണ്ടി തന്നെയാണ്. 'സ്‌നേഹിക്കുക ജിഹാദിനെ' എന്ന് ഈ പദപ്രയോഗത്തിലൂടെ ചെകുത്താന്‍ വേദമോതുന്നുണ്ടോ എന്നാണിനി ബാക്കിയാവുന്ന സംശയം! എന്തായാലും വേദോപനിഷത്തുക്കളിലെങ്കിലും പരതിനോക്കിയിട്ടല്ല ഈ പദനിര്‍മിതി. കാരണം, ജിഹാദിന്റെ അര്‍ഥം അതില്‍ നിന്നു ലഭ്യമാണ്. മറ്റൊരു ഗോളത്തില്‍ നിന്നു ഭൂഗോളത്തിലേക്ക് അധിനിവേശം നടത്തിയ വിചിത്രജീവികളാണ് ജിഹാദികള്‍ എന്ന് എങ്ങനെയെങ്കിലും പൊതുബോധമുണ്ടാക്കണം. അന്യവല്‍ക്കരണത്തിനും സാമുദായിക ധ്രുവീകരണമുണ്ടാക്കാനും വിജയം വരിക്കാനും ഇതൊക്കെ അനിവാര്യമാണ്. ഫാഷിസ്റ്റുകള്‍ ശരിയായ ഇരട്ടത്തലയന്മാരും ഇരട്ടച്ചങ്കന്‍മാരുമാണ്. അവര്‍ക്കുണ്ട് കുബുദ്ധിയും കുടിലതന്ത്രവും ചങ്കുറപ്പും. യുക്തിവാദികളും കമ്മ്യൂണിസ്റ്റുകളും അടക്കമുള്ള മതനിരപേക്ഷവാദികളും ജിഹാദികളെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടാണ് തീവ്രവാദം എന്ന പദം പ്രയോഗിക്കുന്നത്. ഇരു പദപ്രയോഗങ്ങളും സാമുദായിക ധ്രുവീകരണക്ഷമമാണ്. ഒരേ ഇഫക്ട്. ഇതില്‍ ബിജെപി ഹാപ്പിയാണ്. അവരെ ഹാപ്പിയാക്കി നിര്‍ത്തിയാല്‍ പ്രശ്‌നവശാലും ജാതകവശാലും ഭരണസ്ഥിരതയ്ക്കു ഗുണം ചെയ്യുമെന്ന് നമ്മുടെ മുഖ്യമന്ത്രി കണക്കുകൂട്ടിയിരിക്കുമ്പോഴാണല്ലോ ജനരക്ഷാ യാത്ര. ഇപ്പോള്‍ അദ്ദേഹം വാചാ ഫുള്‍ഫോമിലുള്ള പഴയ സഖാവായി. രക്തസാക്ഷികളുടെയും ബലിദാനികളുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആത്മസായൂജ്യം നേടി. ഇരുകൂട്ടരുമായി ഇത്രയും പേരെ കൊന്നുതള്ളിയല്ലോ എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവരും നിരീക്ഷിച്ചു. മണ്‍മറച്ച അന്യഗ്രഹജീവികളുടെ കാര്യം ഇവിടെ പ്രസക്തമല്ലല്ലോ. എന്തായാലും നീതി തൂക്കുന്ന സ്വന്തം തുലാസിനും റിപയര്‍ ചെയ്യേണ്ട കേടുണ്ടെന്ന് ഔദ്ധത്യവും ധാര്‍ഷ്ട്യവും കുറവുള്ള ചില സഖാക്കള്‍ മനസ്സിലാക്കിവരുന്നു. ആരും നിനച്ചിരിക്കാത്ത സമയത്ത്, എന്നാല്‍ ശരിയായ മുഹൂര്‍ത്തത്തില്‍ ഒരു നിയോഗം പോലെ വെളിക്കുചാടി വരുന്ന നേരുകള്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ടാവണം. അത്രയും നന്ന്; ആശാവഹം. ഇതുമൂലം പൊതുബോധം യഥോചിതം യഥാര്‍ഹം മാറിവരുമ്പോഴേ ശ്രേഷ്ഠ മലയാളി സംസ്‌കാരത്തിന്റെ പരിപാലനം/മെയിന്റനന്‍സ് ശരിയാവുകയുള്ളൂ. എല്ലാവിധ അരുതായ്മകള്‍ക്കും അനാവശ്യമായ വ്യവഹാരങ്ങള്‍ക്കും കൊണ്ടാടലുകള്‍ക്കും ആഘോഷ മാമാങ്കങ്ങള്‍ക്കും ധൂര്‍ത്തടിക്കാന്‍ ഇല്ലാക്കാശില്‍ നിന്നു കൈയിട്ടുവാരി ചെലവിടുന്ന നമ്മുടെ സര്‍ക്കാര്‍ ഫലപ്രദമായ കള്‍ച്ചറല്‍ മെയിന്റനന്‍സിന് വക കാണേണ്ടതുണ്ട്. വെറും അന്വേഷണ കമ്മീഷനുകള്‍ക്ക് വൃഥാ ചെലവിടുന്ന കാശ്? കേരളം പ്രബുദ്ദൂസുകളുടെ മാത്രം സ്വന്തം നാടാവരുതല്ലോ!നമ്മള്‍ കേട്ടുമടുത്ത വായ്ത്താരികളാണ് മാനവ രക്തവും മാനവികതയും. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ ട്രീറ്റ് ചെയ്യപ്പെടേണ്ട ഒരു കാര്യമാണെന്ന 'ബൗദ്ധികമായ' കണ്ടുപിടിത്തത്തെക്കുറിച്ചും നാം ധാരാളം കേട്ടിരിക്കുന്നു. ന്യൂനപക്ഷ വര്‍ഗീയതയെന്ന ദുര്‍ബലമായൊരു വികാരം അഥവാ ഉണ്ടെങ്കില്‍ തന്നെ അത് ഭൂരിപക്ഷ വര്‍ഗീയതയുടെ ഒരു ഉപോല്‍പന്നം മാത്രമാണ്. സോ കോള്‍ഡ് ഭൂരിപക്ഷ വര്‍ഗീയതയാവട്ടെ, മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടേതുമല്ല. വാസ്തവത്തില്‍ നമ്മളെല്ലാം പറയാറുള്ള 'ഭൂരിപക്ഷ വര്‍ഗീയത' ശരിക്കും ഒരു ന്യൂനപക്ഷ വര്‍ഗീയതയാണ്. ബ്രാഹ്മണിക്കലോ അബ്രാഹ്മണിക്കലോ ആയ 'ന്യൂനപക്ഷം' വരുന്ന ഒരു ഉപരിവര്‍ഗത്തിന്റെ കുടിലവികാരം. ആ വൃത്തികെട്ട പ്രത്യയശാസ്ത്രം പ്രയോഗക്ഷമമാക്കാനുള്ള കാര്യക്ഷമതയും കരുത്തും കുതന്ത്രവും ഇപ്പറഞ്ഞവര്‍ക്കുണ്ട്. അണ്ടി പോയ അണ്ണാനെപ്പോലെ നിരാശപ്പെട്ടിട്ടാണെങ്കിലും, ഒരു വലിയ ശ്രീനാരായണീയന്‍ ലളിതമായി ഈയിടെ പറഞ്ഞൊരു കാര്യമുണ്ട്: ''ബിജെപിയിലെ എല്ലാ ഉന്നതസ്ഥാനങ്ങളും സവര്‍ണര്‍ കൈയടക്കിയിരിക്കുന്നു.'' പൊതുവെ ബാധകമായ ഒരു ഇന്ത്യന്‍ അവസ്ഥകൂടിയാണ് ഈ പറഞ്ഞത്. നീതിയില്ലാത്ത സമതുലനം വഴി, അശാസ്ത്രീയമായ സമദൂരസിദ്ധാന്തം വഴി ആരും ഈ ധ്രുവീകരണ പ്രക്രിയക്കു ശക്തി പകരരുത്. കാരണം ഇത് എല്ലാവര്‍ക്കും ഏല്‍പിക്കുന്ന ആഘാതവും ക്ഷതവും നാശനഷ്ടങ്ങളും എല്ലാവരും പങ്കുവച്ച് അനുഭവിക്കേണ്ടിവരും. ജനപദങ്ങളുടെ, ദേശങ്ങളുടെ ദുരന്താനുഭവങ്ങള്‍ ഉദാഹരണമായി പറയാന്‍ ഒത്തിരിയുണ്ടല്ലോ.  എന്തായാലും മുസ്‌ലിംകള്‍ക്കെതിരേയുള്ള പൊതുബോധം സാവകാശം ചിന്ന ചിന്ന തിരുത്തലുകള്‍ക്ക് വിധേയമായിവരുന്നുണ്ട്. ഈ നിലയ്ക്കു പോയാല്‍ അത് പിന്നോട്ടുപോവാന്‍ പാടാണ്. ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ക്ക് ഇതിലുള്ള പങ്ക് ആശാവഹമാണ്. ചാനല്‍ ചര്‍ച്ചയില്‍ പെരുംനുണയുടെ പേമാരി പെയ്താലും പ്രഫഷനലിസം പാലിച്ചുകൊണ്ട്, ആക്രോശിക്കുന്നവരെ അടിച്ചമര്‍ത്താന്‍ അവതാരകര്‍ക്ക് ആവുന്നുണ്ട്. ഈ ചാനല്‍ മജ്‌ലിസില്‍ ബൈഠക് നടത്തുന്ന എല്ലാ ജാതിയിലും പാര്‍ട്ടിയിലും പെട്ട ഉലമാക്കളും ഉമറാക്കളും ചമ്മുന്നത് കാണാന്‍ ഏറെ രസമുണ്ട്. സ്ഥിതിഗതികളല്ല, കാഴ്ചപ്പാടുകള്‍ കൊഞ്ചം കൊഞ്ചമായി മാറിവരുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ ഇടപെടല്‍ സഹായിക്കുന്നുണ്ട്. വിമ്മിട്ടപ്പെടുന്ന ഒരു നിസ്സഹായാവസ്ഥ ഈ ഓടിച്ചുപിടിത്തത്തില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്നുണ്ട്. അങ്ങനെ അവര്‍ ഉതിര്‍ക്കുന്ന നിശ്വാസം പോലും ജിഹാദായി, തീവ്രവാദമായി ആരോപിക്കപ്പെടുകയാണ്. അപ്പോഴൊക്കെ സത്യത്തോട്, നീതിയോട് അല്‍പമെങ്കിലും പ്രതിബദ്ധതയുള്ള ഏത് ഇതരരുടെയും പ്രതികരണങ്ങള്‍ അവര്‍ക്കൊരു ഇളംതെന്നലാവുകയാണ്. മതനിരപേക്ഷതയുടെയും മാനവികതയുടെയും അപ്പോസ്തലന്മാര്‍ എപ്പോഴും മനസ്സിരുത്തേണ്ട ഒരു കാര്യമാണിത്, സാമൂഹികനന്മയ്ക്ക്.
Next Story

RELATED STORIES

Share it